-
ചാലക്കര പുരുഷു
തലശ്ശേരി: തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ഇതര ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാമായണ കഥയിലെ ഇതിഹാസ കഥാപാത്രങ്ങളെ കെട്ടിയാടുന്ന അണ്ടല്ലൂര്‍ കാവില്‍, തിറയുത്സവം നടക്കാത്ത വേളയിലും ഇനി തെയ്യങ്ങള്‍ ഉറഞ്ഞാടുന്നത് കാണാനാവും. തെയ്യപ്പറമ്പിന്റെ ആരവങ്ങളും നാടാകെ മെയ്യോട് മെയ് ചേരുന്ന മെയ്യാല്‍ കൂടലും കാണാം.
പുരാതനമായ അണ്ടലൂര്‍ മേലേ കാവിലെ ഊട്ടുപുര ചുമരില്‍, ധര്‍മ്മടം ദീപ് നിവാസികളുടെ ഇഷ്ട ദൈവങ്ങളുടെ ജീവന്‍ തുടിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ ഇനി നിറഞ്ഞാടും. പ്രശസ്ത ചിത്രകാരനായ ബി.ടി.കെ അശോകാണ് ദേശത്തിന്റെ ആരാധനാമൂര്‍ത്തികളുടെ ചലനാത്മക ഭാവങ്ങളുള്ള തെയ്യരൂപങ്ങള്‍ ചുമരുകളില്‍ കറുപ്പും ചുവപ്പും, വെളുപ്പും കലര്‍ന്ന നിറങ്ങളില്‍ ആവാഹിച്ചത്. തെയ്യക്കാലത്തിന്റെ ആത്മീയതയും വിശ്വാസികളുടെ ആത്മഹര്‍ഷങ്ങളും നാടിന്റെ ആഹ്ലാദാരവങ്ങളുമെല്ലാം ചുമരുകളില്‍ ആമന്ത്രണം ചെയ്യുകയാണ് ഈ കലാകാരന്‍.
ഉത്സവനാളുകളില്‍ പ്രത്യക്ഷപ്പെടാറുള്ള ദൈവത്താറീശ്വരന്‍, അങ്കക്കാരന്‍, ബപ്പൂരന്‍ ദൈവങ്ങളുടെ മുഖത്തെഴുത്തും, ആടയാഭരണങ്ങള്‍ ചാര്‍ത്തി അനുഗ്രഹം ചൊരിയുന്ന ആകാരങ്ങളും പൂര്‍ത്തിയാക്കിയത് അഞ്ച് രാപകലുകളിലായാണ്. ചുറ്റിലും തിങ്ങിനിറയുന്ന ഭക്തരുടെ നിറസാന്നിദ്ധ്യവും പ്രഭ ചൊരിയുന്ന തൂക്ക് വിളക്കുകളും തിമര്‍ത്ത് പെയ്യുന്ന ചെണ്ടമേളങ്ങളും ഒരുമയുടെ മെയ്യാല്‍ കൂടലുമെല്ലാം പശ്ചാത്തലത്തില്‍ ആലേഖനം ചെയ്യപ്പെടുമെന്ന് അശോക് പറഞ്ഞു.
15 അടിയോളം ഉയരവും 10 അടി വിസ്താരത്തിലുമാണ് അക്രലിക് മാധ്യമത്തില്‍ പ്ലാസ്റ്റിക് കോട്ടിങ് കലര്‍ത്തിയുള്ള രചന കാലങ്ങളോളം ഈ രചന നിലനില്‍ക്കുമെന്നും ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 14ന് മുമ്പ് തന്നെ അനുഷ്ഠാനകലയുടെ രാഗതാളലയങ്ങള്‍ ആവാഹിച്ച ചിത്രപരമ്പര അനാച്ഛാദനം ചെയ്യപ്പെടുമെന്നും അശോക് പറഞ്ഞു. എണ്ണയുടെ അംശമുള്ളതിനാല്‍ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാനും കഴിയും. അശോകിന് സഹായിയായി ചിത്രകാരന്‍ ദിനേശും ഒപ്പമുണ്ട്. നിലവിലുള്ള തെയ്യങ്ങളുടെ മ്യൂസിയത്തോടൊപ്പം ഈ ചുമര്‍ചിത്ര പരമ്പര കൂടി മിഴി തുറക്കുന്നതോടെ വര വിളിയുടെ നിത്യസാന്നിദ്ധ്യം സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാകും.