ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ്; മെഡിക്കല്‍ കോളേജ് ജീവനക്കാരനെതിരേ കേസ്

ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ്; മെഡിക്കല്‍ കോളേജ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ പോലിസ് നടപടി. കളമശേരി മെഡിക്കല്‍കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരേ പൊലിസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുനിസിപ്പാലിറ്റി താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതി തുടര്‍ന്നാണ് നടപടി. അനില്‍കുമാര്‍ ജീവനക്കാരിയെ സമീപിച്ച് ചില രേഖകള്‍ കാണിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുനിസിപ്പാലിറ്റി ജീവനക്കാരി പരാതിയില്‍ പറയുന്നത്. ഇവര്‍ നടത്തിയ പരിശോധനയില്‍ ആശുപത്രില്‍ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടര്‍ന്ന് കളമശ്ശേരി പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതിക്കാരിക്കെതിരേയും അന്വേഷണം വേണമെന്ന് ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

അനില്‍ കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവവാര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നിടത്തെത്തി. തിരുവനന്തപുരത്ത് ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കൊരു പരിശീലമുണ്ടെന്ന വ്യാജേനെ ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒരു അപേക്ഷാ ഫോം സംഘടിപ്പിച്ചുവെന്നാണ് മെഡിക്കല്‍ കോളേജ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍. തട്ടിപ്പ് വിവരമറിഞ്ഞിട്ടും 24 മണിക്കൂറിനുള്ളില്‍ ജീവനക്കാരി മെഡിക്കല്‍ കോളേജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും ആശുപത്രി അധികൃതരാണ് പിന്നീട് പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതിയില്‍ പറയുന്നത്. അതിനാല്‍ പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം കിട്ടിയപ്പോള്‍ തന്നെ ആഭ്യന്തര അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *