ജനവിരുദ്ധ ബജറ്റ്; സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

ജനവിരുദ്ധ ബജറ്റ്; സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

തിരുവനന്തപുരം: 2023ലെ ബജറ്റിനെതിരേ കോണ്‍ഗ്രസ്. ബജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ആയിരക്കണക്കിന് കോടികള്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചതെന്നും കെ.പി.സി.സി വിലയിരുത്തി.

ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യു.ഡി.എഫിന് പുറമെ ബി.ജെ.പിയും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. കൊച്ചിയില്‍ ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കും.

Share

Leave a Reply

Your email address will not be published. Required fields are marked *