കോഴിക്കോട്: വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെ സമൂഹം ഒന്നിച്ച് നേരിടണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി പറഞ്ഞു. കാസര്‍കോട്ട് ബൈബിള്‍ കത്തിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവരെ നിയമപരമായി ശിക്ഷിക്കണം. സമുദായങ്ങള്‍ക്കിടക്ക് ഭിന്നിപ്പ് സൃഷ്ടിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരം ദുഷ്ടശക്തികള്‍ ആരു തന്നെയായാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പ് വരുത്തുക തന്നെ വേണം.
ഇതര വിശ്വാസികളുടെ ആരാധ്യ വസ്തുക്കളെയും ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും അപഹസിക്കാനോ അപമാനിക്കാനോ പാടില്ലെന്ന വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളെ പരസ്യമായി അപമാനിക്കുകയാണ് ബൈബിള്‍ കത്തിച്ച് പ്രചാരണം നടത്തിയവര്‍. ഇതര വേദങ്ങളെയും പ്രവാചകരെയും ആദരപൂര്‍വം കാണുന്ന ഇസ്‌ലാമിന്റെ വിശ്വമാനവികതയെ കളങ്കപ്പെടുത്തുന്ന നടപടി ആരു ചെയ്താലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല.
ഇതര മതസ്ഥരെ അപമാനിച്ചും അപകടപ്പെടുത്തിയും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും രക്ഷകരായി ആരും രംഗത്ത് വരേണ്ടതില്ലെന്ന് സി.പി. ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു.