കോഴിക്കോട്: ജാമിഅ മദീനതുന്നൂര്‍ കോണ്‍വൊക്കേഷനും മര്‍കസ് ഗാര്‍ഡന്‍ ഉര്‍സേ അജ്മീര്‍ സമാപനവും 2023 ഫെബ്രുവരി 04, 05 ശനി, ഞായര്‍ തീയതികളില്‍ കോഴിക്കോട് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് നടക്കും. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ഗ്ലോബല്‍ നൂറാനി മീറ്റില്‍ സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, മുസ്ലിം ജമാഅത്ത് സംസ്ഥാന സെകട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ടി.എന്‍ പ്രതാപന്‍ എം.പി, എസ്.എസ്.എഫ് ദേശീയ വൈ. പ്രസിഡന്റ് ശരീഫ് നിസാമി, ഡോ.ഫൈസല്‍ അഹ്‌സനി ഉളിയില്‍, ജഅഫര്‍ നൂറാനി ബാംഗ്ലൂര്‍ തുടങ്ങിയവര്‍ സംവദിക്കും. തസ്‌കിയ, മീഡിയാഷന്‍സ്, മിഡാസ് ടച്ച്, മാജിക് വാണ്ട്, റൂട്ട് മാപ്പ്, ആക്ടിവിസം തുടങ്ങിയ വ്യത്യസ്ത സെഷനുകളിലായി ഇരുപത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ശനിയാഴ്ച്ച വൈകുന്നേരം ആരംഭിക്കുന്ന സനദ്ദാന ചടങ്ങുകള്‍ മര്‍കസ് വൈ.പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലത്തിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി മുഹ്‌യിസുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വഹിക്കും. ജാമിഅ മദീനത്തുന്നൂര്‍ റെക്ടറും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ ഡോ.എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി റെക്ടര്‍ മെസ്സേജ് നല്‍കും. കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, അഡ്വ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സുഹൈറുദ്ധീന്‍ നൂറാനി ബംഗാള്‍, ശിഹാബ് നൂറാനി കൊടക്, ഡോ.മുഹമ്മദ് റോഷന്‍ നൂറാനി, ഫാളില്‍ നൂറാനി പഞ്ചാബ് തുടങ്ങിയവര്‍ സംസാരിക്കും. അബൂസ്വാലിഹ് സഖാഫി സ്വാഗതവും ആസഫ് നുറാനി നന്ദിയും പറയും.
ജാമിഅ മദീനതുന്നൂറിന്റെ പ്രധാന ക്യാംപസായ മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍, അഫിലിയേറ്റഡ് ക്യാംപസുകളായ മര്‍കിന്‍സ് ബാംഗ്ലൂര്‍, മര്‍കസ് ഹിദായ കൂര്‍ഗ് എന്നിവിടങ്ങളില്‍ നിന്നും ബാച്ച്‌ലര്‍ ഇന്‍ ഇസ്ലാമിക് റിവീല്‍ഡ് നോളജ് പൂര്‍ത്തിയാക്കിയ 147 നൂറാനികളും സോഷ്യല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ പ്രിസം ഫിനിഷിംഗ് സ്‌കൂളിലെ 33 റബ്ബാനികളും ഇന്റിഗ്രേറ്റഡ് സ്റ്റഡീസ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ ദിഹ്ലിസ് വേള്‍ഡ് സ്‌കൂളിലെ 90 ഗുലിസ്താനികളും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കും.
ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസോടെ ഉര്‍സേ അജ്മീര്‍ സമാപന സമ്മേളനം ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി നേതൃത്വം നല്‍കും. വൈകുന്നേരം മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ.അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യപ്രഭാഷണം നടത്തും. ഡോ. എ.പി മുഹമ്മദ് അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും.സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ലത്വീഫ് അഹ്ദല്‍ അവേലം, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് മുഹമ്മദലി ശിഹാബ് തളീക്കര, അലി അഹ്‌സനി എടക്കര, മുഹ്യദ്ധീന്‍ സഖാഫി കാവനൂര്‍, മുഹ്‌യദ്ധീന്‍ സഖാഫി തളീകര, നാസര്‍ സഖാഫി പൂനൂര്‍, സിദ്ധീഖ് നൂറാനി എന്നിവര്‍ സംബന്ധിക്കും. നൗഫല്‍ നൂറാനി സ്വാഗതവും ജലാല്‍ നൂറാനി നന്ദിയും പറയും.
വെള്ളിയാഴ്ച അഹ്ദല്‍ സാദാത്ത് ചെയറുമായി സഹകരിച്ച് ഖിദ്മ അക്കാദമിക് കോണ്‍ഫറന്‍സ് നടന്നു. ‘അജ്മീര്‍ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തില്‍ നടക്കുന്ന അക്കാദമിക് കോണ്‍ഫറണ്‍സ് ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ തുര്‍ക്കിയിലെ മര്‍മര യൂണിവേഴ്‌സിറ്റിയിലെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ടര്‍ക്കിഷ് സ്റ്റഡീസില്‍ അസി. പ്രൊഫസറായ ഡോ. ഖയ്യിം നൗകി യമമോട്ടോ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.നുഐമാന്‍ കെ എ, ജാമിഅ മര്‍കസ് പ്രോ റെക്ടര്‍ ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, ജാമിഅ മദീനതുന്നൂര്‍ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഹെഡ് മുതവക്കില്‍ നൂറാനി അല്‍ അസ്ഹരി,ബെര്‍ളിനിലെ ഫ്രൈ യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ ഫെല്ലോ ഇപിഎം സ്വാലിഹ് നൂറാനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കീ നോട്ട് നടത്തും. നാല് സെഷനുകളിലായി മുപ്പത് ഗവേഷണ പഠനങ്ങള്‍ അവതരിപ്പിക്കും. ഡോ.മുഹമ്മദ് അസ്ഹരി, ഡോ.അബ്ദുല്‍ ഖാദര്‍ നൂറാനി, അഷ്‌റഫ് നൂറാനി, റോഷന്‍ നൂറാനി ചെയറുകളായിരിക്കും.
‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ എന്ന പ്രമേയത്തില്‍ വൈകുന്നേരം നടക്കുന്ന പാനല്‍ ഡിസ്‌കഷന്‍ വെല്ലൂര്‍ ലത്തീഫിയ്യ കോളേജ് മുന്‍ പ്രിന്‍സിപ്പലായ കെ.സി അബൂബക്കര്‍ ഹസ്‌റത് ഉദ്ഘാടനം ചെയ്യും. സി.പി ഷഫീഖ് ബുഖാരി, അലീഷാ നൂറാനി, ഗഫൂര്‍ നൂറാനി കിളക്ക ര,റാഷിദ് നൂറാനി, ഫായിസ് നൂറാനി പൊള്ളാച്ചി, ഫയാസ് റബ്ബാനി ചെന്നൈ എന്നിവര്‍ നേതൃത്വം നല്‍കും. ജാമിഅ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി രചിച്ച അല്‍ മുഖാതബാതു നൂറാനിയ്യ ബില്‍ഫവാഇദില്‍ റബ്ബാനിയ്യ എന്ന അറബി കൃതിയും ജാമിഅ പതിനാറാം ബാച്ച് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘ഉയിരു തേടും ഊരുകള്‍’ തമിഴ് യാത്രാ പുസ്തകവും പ്രകാശിതമാകും.
ബഹുസ്വരത നിലനിര്‍ത്തുകയും മതത്തിനും മതേതരത്വത്തിനും എതിരെയായി വരുന്ന എല്ലാ അപകടങ്ങളേയും ക്രിയാത്മകമായി പ്രതിരോധിക്കല്‍ പുതിയ സാഹചര്യത്തില്‍ വളരെ പ്രധാനമാണെന്ന് ‘ഖിദ്മ : എ ലൈഫ് വര്‍ത്ത് ലിവിങ് ‘ എന്ന കോണ്‍ഫറന്‍സ് തീം ആവശ്യപ്പെടുന്നു. വിദ്യാഭ്യാസവും രാഷ്ട്ര ബോധവുമുള്ള പൗരന്മാര്‍ വളര്‍ന്ന് വരണം. ഇന്ത്യയുടെ പൈതൃക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുകയും ചെയ്യണം. രാജസ്ഥാനിലെ അജ്മീര്‍ കേന്ദമാക്കി സാമൂഹിക നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഖാജ ഗരീബ് നവാസ് എന്ന സുഫി ഗുരു കാണിച്ച് തന്ന രീതി ഇത്തരുണത്തില്‍ പ്രസക്തമാണ്. വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികളും തീവ്ര പൊളിറ്റിക്കല്‍ വാദികളും അസ്ഥിരത രാജ്യത്ത് സൃഷ്ട്ടിക്കുമ്പോള്‍ ഖാജയുടെ സേവനങ്ങള്‍ ജീവിത മൂല്യമായി സ്വീകരിക്കാന്‍ എല്ലാവരും ശ്രമിക്കണം.
പ്രമേയ സന്ദേശമെത്തിക്കുന്നതിനായി ഗരീബ് നവാസ് സൗഹൃദ സംഗമം, കുടുംബ സംഗമം, മുഅല്ലിം സംഗമം, ഖിദ്മ സെമിനാറുകള്‍, തീം ടോക്കുകള്‍ തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു . പ്രീ കോണ്‍വൊക്കേഷന്‍ സമ്മിറ്റുകള്‍ ഡല്‍ഹി ജാമിഅ ഹംദര്‍ദ് പ്രോ ചാന്‍സലറായ പത്മശ്രീ ഇഖ്ബാല്‍ എസ്.ഹസ്‌നൈന്‍ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.
പത്രസമ്മേളനത്തില്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി, അഡ്മിനിസ്‌ട്രേറ്റര്‍ ജലാല്‍ നൂറാനി, പ്രിസം എക്‌സിക്യുട്ടീവ് ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, ജാമിഅ പ്രോ റെക്ടര്‍ ആസഫ് നൂറാനി എന്നിവര്‍ പങ്കെടുത്തു.