മാഹി :പുതുച്ചേരി സര്‍ക്കാര്‍ മാഹിയോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, റേഷന്‍ സമ്പ്രദായം പുനരാരംഭിക്കുക, പൂട്ടിയിട്ട സ്പിന്നിങ്ങ് മില്‍ തുറക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാഹി, പള്ളൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മാഹിയില്‍ നല്ല ആശുപത്രിക്കെട്ടിടമുണ്ടെങ്കിലും ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. ഇനിയൊരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവുമോ എന്ന സംശയത്തിലാണ് മയ്യഴിയിലെ ജനങ്ങള്‍. ഹാര്‍ബര്‍ നിര്‍മ്മാണം പാതിവഴിയിലായി നിലച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യമാകെ ഉറ്റുനോക്കുകയാണ് .പ്രഖ്യാപനം മാത്രമല്ല പ്രഖ്യാപിക്കുന്നത് നടപ്പിലാക്കുകയാണ് ഇടതുപക്ഷനയമെന്നും പി.പി ദിവ്യ പറഞ്ഞു. കെ.പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.കെ രമേശന്‍ ,ഏരിയാ കമ്മിറ്റി അംഗം വടക്കന്‍ ജനാര്‍ദ്ദനന്‍, സി.പി.എം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറി ടി.സുരേന്ദ്രന്‍ , ടി.കെ ഗംഗാധരന്‍ വി ജയബാലു സംസാരിച്ചു.