ആലപ്പുഴ: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച 2023-24 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍, വ്യാപാരി സമൂഹത്തിന് ആശ്വാസകരമായ യാതൊരു നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഒരു നയാപൈസ പോലും പ്രതിഫലമായി കൈപറ്റാതെ, ലക്ഷക്കണക്കിനു കോടി രൂപ ജി.എസ്.ടി. ഇനത്തില്‍, പിരിച്ച് ഖജനാവിലേക്ക് അടച്ചുവരുന്ന വ്യാപാരി സമൂഹം, പ്രത്യേകിച്ച് ചെറുകിട ഇടത്തരം വ്യാപാരികള്‍, ജി.എസ്.ടി. നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് ഉഴലുകയാണ്. ഇവര്‍ക്ക് സമാശ്വാസം നല്‍കുന്ന ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജി.എസ്.ടിയുടെ ആരംഭകാലത്ത്, ജി.എസ്.ടി നെറ്റ്‌വര്‍ക്ക് നേരാംവണ്ണം പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങളില്‍ പോലും, ഭാരിച്ച നികുതി നിര്‍ണ്ണയവും, പലിശയും, പെനാല്‍റ്റിയും ഈടാക്കി വരുന്നതിന് തടയിടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്ന് വ്യാപാരി സമൂഹം കരുതിയിരുന്നു. എന്നാല്‍, ഉണ്ടായില്ല എന്നത് തികച്ചും ഖേദകരമാണ്. ബജറ്റിന്റെ തുടര്‍ ചര്‍ച്ചാ വേളയില്‍, ഈ വിഷയത്തില്‍ ഒരു അനുകൂല നിലപാട് ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.