കേരള ചിക്കന്‍ സാമൂഹികാരോഗ്യം ഉറപ്പ് നല്‍കും: ഡോ.എ കൗശിഗന്‍ ഐ.എ.എസ്

കേരള ചിക്കന്‍ സാമൂഹികാരോഗ്യം ഉറപ്പ് നല്‍കും: ഡോ.എ കൗശിഗന്‍ ഐ.എ.എസ്

തിരുവനന്തപുരം: കേരളത്തില്‍ സുരക്ഷിതവും സ്ഥായിയും ആരോഗ്യകരവുമായ കോഴിയിറച്ചി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ കേരള ചിക്കന്‍ പദ്ധതി വഴി സാമൂഹികാരോഗ്യം ഉറപ്പ് നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ കൗശിഗന്‍ ഐ.എ.എസ്. കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുകതമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പിനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതല്‍മുടക്കിനേക്കാള്‍ ലാഭം കിട്ടുന്ന ഉല്‍പ്പാദന മേഖല കൂടിയാണ് ബ്രോയിലര്‍ ചിക്കനെങ്കിലും കേരള ചിക്കന്‍ ഉല്‍പ്പാദന ചെലവില്‍ മാത്രമല്ല ഗുണമേന്‍മയിലും ഏറെ മുന്നിലാണെന്ന് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയമാന്‍ & മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ജാഫര്‍ മാലിക്ക് ഐ.എ.എസ് പറഞ്ഞു. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി സുരക്ഷിത ചിക്കന്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കുന്നതിലൂടെ സാമൂഹികാരോഗ്യത്തിനൊപ്പം കുടുംബശ്രീക്ക് വരുമാനം കൂടിയാണ് ലക്ഷ്യമിടുന്നതെന്നും ജാഫര്‍ മാലിക്ക് ഐ.എ.എസ് പറഞ്ഞു.
സൂക്ഷ്മാണുക്കള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പ് എന്ന വിഷയത്തില്‍ സംവാദങ്ങള്‍ വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി നടന്നു. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നത് ഭാവിയിലെ പ്രശ്‌നമല്ല ,വര്‍ത്തമാന കാലത്തെ പ്രശ്‌നമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അണുബാധാ രോഗവിഭാഗം തലവന്‍ ഡോ.അരവിന്ദ് ആര്‍ പറഞ്ഞു. നിലവില്‍ ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം കാരണം ലോകത്ത് ഒരു കോടി മരണങ്ങള്‍ സംഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മല്‍സ്യ-മാംസാദികള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതിലൂടെ മാത്രമല്ല ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന വേദനസംഹാരികളും മറ്റ് മരുന്നുകളും വഴിയുമാണ് 50-60 ശതമാനം രോഗങ്ങളും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗള്‍ട്രി റെഗുലേഷന്‍ ആക്ട് പോലുളള നിയമങ്ങും ചട്ടങ്ങളും നിലവില്‍ വന്നാല്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ അതിപ്രസരം നിറഞ്ഞ ഇക്കാലത്ത്, ഏറെ ആരോഗ്യവും സുരക്ഷിതവുമായ ജൈവ രീതിയില്‍ വളര്‍ത്തുന്ന കേരള ചിക്കന് വിപണിയില്‍ വലിയ പ്രാധാന്യം ലഭിക്കുമെന്ന് വെറ്ററിനറി സര്‍വ്വകലാശാലയുടെ ഏവിയന്‍ സയന്‍സസ് കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.എസ് ഹരികൃഷ്ണന്‍ പറഞ്ഞു. കോഴികളെ വളര്‍ത്തുന്നവര്‍ ബയോസെക്യൂരിറ്റി രീതിയില്‍ പക്ഷികളെ വളര്‍ത്താന്‍ ശ്രദ്ധിക്കണം. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം, കോഴിഫാം പരിസരം, വാഹനങ്ങള്‍ ,വെള്ളം, പൌള്‍ട്രി ഉപകരണങ്ങള്‍ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പക്ഷികളുടെ അസുഖങ്ങള്‍ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനാകുമെന്നതിനാല്‍ എല്ലാ കോഴികര്‍ഷകരും ഇവ കര്‍ശനമായും പിന്തുടരണമെന്നും ഡോ. എസ് ഹരികൃഷ്ണന്‍ പറഞ്ഞു.
സ്ഥായിയായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി എങ്ങനെ ബ്രോയിലര്‍ കോഴികളെ ഉല്‍പ്പാദിപ്പിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഡോ.ഹരികൃഷ്ണന്‍ എസ് ,ഡോ. സൂര്യ ശങ്കര്‍, ഡോ.ജെസ്സ് ജോര്‍ജ്, ഡോ.പുണ്യമൂര്‍ത്തി, ഡോ.ശ്രീനിവാസ് ഗുപ്ത, ഡോ.നൗഷാദ് അലി, ഡോ.ടോണി ജോസ്, ഡോ.നടരാജന്‍ , ഡോ.ഈപ്പന്‍ ജോണ്‍, ഡോ.സെല്‍വകുമാര്‍, ഡോ.റാണാ രാജ്, ഡോ. ചന്ദ്രപ്രസാദ്, ഡോ. സ്വപ്‌ന സൂസന്‍ എബ്രഹാം, ഡോ. ബിജുലാല്‍, ഡോ.സജീവ് കുമാര്‍, ഡോ.സുനില്‍ കുമാര്‍, ഡോ.അനുരാജ്, ഡോ.സുധി ആര്‍, ഡോ.ടി.എം ബീനാ ബീവി, ഡോ.റെനി ജോസഫ്, ഡോ.ബേബി കെ കെ,ഡോ.ബിനോജ് ചാക്കോ, എന്നിവര്‍ പങ്കെടുത്തു സംവദിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ സിന്ധു നന്ദി പ്രകാശിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *