ന്യൂഡല്‍ഹി: ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യയെ ഉറ്റുനോക്കുന്നു. ഇതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള സര്‍ക്കാര്‍ ആണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള ആദ്യപ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് ലോകത്തിന് തന്നെ മാതൃകയാണ്. ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറി. സുതാര്യമായും സത്യസന്ധ്യമായും ആണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അഴിമതിക്കെതിരേ സര്‍ക്കാരിന് ഉള്ളത് ശക്തമായ നിലപാടാണ്. എല്ലാവര്‍ക്കും വികസനം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് പൂര്‍ണ ദാരിദ്ര നിര്‍മാര്‍ജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നില്‍ നിന്ന് നയിക്കണം. രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണം. സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണ്. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണമെന്നും അവര്‍ വ്യക്തമാക്കി.
അഴിമതി മുക്തമായ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതിനായി നിരവധി നടപടികള്‍ സ്വീകരിച്ചു. സൗജന്യങ്ങള്‍ക്കെതിരേ രാഷ്ട്രപതി പരോക്ഷ മുന്നറിയിപ്പ് നല്‍കി. എളുപ്പ വഴി രാഷ്ട്രീയം വേണ്ട. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആണ് വേണ്ടത്. കൊവിഡ് കാലത്ത് ലോകം പതറിയപ്പോള്‍ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ വലിയ ഇടപെടല്‍ നടത്തി. രാജ്യത്തെ കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി.2.25 ലക്ഷം കോടി ചെറുകിട കര്‍ഷകര്‍ക്കായി മാറ്റിവച്ചു.
ഭാരത് ജോഡോ യാത്രക്ക് കശ്മീരിലെത്തിയ എം.പിമാര്‍ക്ക് നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കെടുക്കാനായില്ല. രാഹുല്‍ ഗാന്ധിയടക്കം 24 എം.പിമാര്‍ പ്രതികൂല കാലാവസ്ഥയില്‍ കുടുങ്ങി. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഇന്നലെ ഇവര്‍ പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നരക്ക് പ്രത്യേക വിമാനത്തില്‍ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആംആദ്മി പാര്‍ട്ടിയും ബി.ആര്‍.എസും ബഹിഷ്‌കരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അഭിസംബോധന ബഹിഷ്‌കരിച്ചത്.