കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രം ടൂറിസം വകുപ്പിന്റെ പൈതൃകം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ടൂറിസം ഗതാഗത വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോര്‍ട്ടും രൂപരേഖയും തയ്യാറാക്കാന്‍ ടൂറിസം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ഉടനെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്ന ശിവരാത്രി മഹോത്സവത്തിന്റെ ബ്രോഷര്‍ ക്ഷേത്രഹാളില്‍ വെച്ച് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ആശയങ്ങള്‍ മനുഷ്യനുള്ളിടത്തോളം കാലം പ്രസക്തമാണ്. ഗുരുവിന്റെ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് 113 വര്‍ഷം മുന്‍പ് ഗുരു തന്നെ പ്രതിഷ്ഠ നടത്തിയ ശ്രീകണ്‌ഠേശ്വര ക്ഷേത്രം. പൈതൃകം സംരക്ഷിക്കപ്പെടുക മാത്രമല്ല അത് ജനങ്ങള്‍ക്ക് അനുഭവ ഭേദ്യമാക്കുക എന്നതുകൂടി പ്രധാനമാണ്. അതുകൊണ്ടാണ് ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ഈ ആരാധനാലയം കൂടി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിസരം മോടികൂടാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രയോഗം പ്രസിഡണ്ട് പി.വി.ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. അദ്ദേഹം മന്ത്രിയെ പൊന്നാടയണിയിച്ചു. വൈസ് പ്രസിഡണ്ട് പി.സുന്ദര്‍ദാസ്, ജന.സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, ജോയന്റ് സെക്രട്ടറി സജീവ് സുന്ദര്‍ കശ്മിക്കണ്ടി, ട്രഷറര്‍ കെ.വി.അരുണ്‍, പ്രവര്‍ത്തക സമിതി അംഗം പുത്തൂര്‍ മഠം ചന്ദ്രന്‍, വനിതാ കമ്മിറ്റി കണ്‍വീനര്‍ രമാപ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.