ന്യൂമാഹി: വി.കെ ഭാസ്‌ക്കരന്‍ മാസ്റ്റരെ ആദരിക്കുകയെന്നത് ഗാന്ധിയന്‍ ചിന്തകളേയും ഗുരുദര്‍ശനങ്ങളേയും ഉയര്‍ത്തിപ്പിടിക്കുകയെന്നതാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ഗാന്ധിയനും പ്രമുഖ ശ്രീനാരായണീയനും ഗുരുധര്‍മ്മ പ്രചാരണ സഭയുടെ സംസ്ഥാന കമ്മിറ്റി അംഗവും കവിയൂര്‍ നാരായണ മഠം പ്രസിഡണ്ടും ഗ്രന്ഥകാരനും പൗര പ്രധാനിയുമായ കവിയൂരിലെ വി.കെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്ക് ജന്‍മനാടിന്റെ സ്‌നേഹാദര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ വെടിവെച്ചുകൊന്ന ആള്‍ക്ക് അമ്പലങ്ങള്‍ പണിതുകൊണ്ടിരിക്കുന്ന കാലമാണിത്. ലോകം കണ്ട ഏറ്റവും ഉന്നതനായ മനുഷ്യസ്‌നേഹിയായിരുന്നു ഗാന്ധിജി. പുതുതലമുറയെ ഇന്ന് ചിലര്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗാന്ധിജി മരിച്ചുവെന്നാണ്. എന്നാല്‍ ഗാന്ധിജിയെ വെടിവെച്ച് കൊന്നതാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിച്ചു കൂടാ. എത്രമേല്‍ വെല്ലുവിളികളുയര്‍ന്നാലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിയണം. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്തു കൂടാ.
പുനര്‍നാമകരണത്തിന്റെ മഹാമാരി രാജ്യത്തെ പിടികൂടിയിരിക്കുന്നു. മുഗള്‍ ഗാര്‍ഡന്‍സ് അമൃതോദ്യാനവും ജനപഥ്, രാജ് പഥുമൊക്കെയായി മാറുകയാണ്. രാജ്യത്ത് ഏകമതവും ഏകഭാഷയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. കവിയൂര്‍ ശ്രീ നാരായണമഠം അങ്കണത്തില്‍ നടന്ന ഭാസ്‌ക്കരീയം ആദര ചടങ്ങ് ജാതി മത രാഷ്ട്രീയത്തിനുമപ്പുറം ഒരു നാടിന്റെയാകെ സ്‌നേഹക്കൂട്ടായ്മയായി മാറി. ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.പി മോഹനന്‍, രമേശ് പറമ്പത്ത് എന്നിവരും, ടി.എസ് ഇബ്രാഹിം കുട്ടി മുസ്‌ല്യാര്‍, ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍, അഡ്വ: പി.കെ.രവീന്ദ്രന്‍, സി.കെ.സുനില്‍കുമാര്‍ സംസാരിച്ചു.