കോഴിക്കോട്: മുബൈ ഐ.ഐ.ടിയില്‍ നടന്ന നാഷണല്‍ എന്റര്‍പ്രണര്‍ഷിപ്പ് ചാലഞ്ചില്‍ കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ ചാമ്പ്യന്മാരായി. ജേതാക്കള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ കോളജ് അധികൃതര്‍ സ്വീകരണവും നല്‍കി. നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ.സുജിത് വര്‍മ്മ വിദ്യാര്‍ത്ഥി ഗ്രൂപ്പ് പ്രതിനിധി നവാല്‍ അബ്ദുള്‍ കരീമിന് ഉപഹാരം നല്‍കി സ്വീകരണം ഉദ്ഘാടനം ചെയ്തു.
ദേശീയ തലത്തില്‍ ആയിരം കോളജുകളില്‍ നിന്നായി അടിസ്ഥാന ട്രാക്ക് ചലഞ്ചില്‍ സെമി ഫൈനലില്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട് അവസാന റൗണ്ട് മത്സരത്തില്‍ നിന്നും നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസി ടീം ചാംപ്യന്‍ പട്ടം നേടുകയായിരുന്നു. മാര്‍ക്കറ്റിംഗ് ലോജിസ്റ്റിക്‌സ്, ഫൈനല്‍ ഐഡിയ പിച്ചിംഗ്, പോസ്റ്റര്‍ ഡിസൈനിങ് എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ചാണ് ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയത്. ഭൂരിഭാഗവും പെണ്‍കുട്ടികളയിരുന്നു ഇ-സമ്മിറ്റില്‍ പങ്കാളിത്വം വഹിച്ചതെന്ന പ്രത്യേക പരാമര്‍ശവും നേടി. സമ്മാനത്തുകയായ 70,000 രൂപയ്ക്ക് പുറമെ 5 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ പാഠ്യ പദ്ധതിയും നാഷണല്‍ കോളജ് ഓഫ് ഫാര്‍മസിക്ക് എന്‍.ഐ.ടി അനുവദിച്ചു. നാഷണല്‍ കോളജ് ഓഫ് ഫാര്‍മസിയാണ് പങ്കെടുത്തവരില്‍ ആരോഗ്യ മേഖലയില്‍നിന്നും കേരളത്തില്‍ നിന്നും മത്സരിച്ച എക ടീം. നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആകാശ് മരതകം, അസി.പ്രൊഫസര്‍മാരായ ഇ.ജെറീന, എ.ആതിര , പ്രൊഫസര്‍ സിജോ പാട്ടം, പി നിഹാല്‍ എന്നിവര്‍ സംസാരിച്ചു.