തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന പേവിഷബാധ പോലുള്ള വാക്‌സിനേഷന്‍ നടപടികള്‍ തുടര്‍ന്നും ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങളോട് സമൂഹത്തിന്റെ അനുകമ്പയോടെയുള്ള ഇടപെടല്‍ മാത്രമാണ് ജന്തുക്ഷേമം ഉറപ്പിക്കാനുള്ള നടപടികളിലൊന്ന് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൃഗങ്ങളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനായി പൗരസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, മൃഗപരിപാലനത്തിനും മൃഗക്ഷേമത്തിനും വേണ്ടി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെ കുറിച്ചും ചട്ടങ്ങളെക്കുറിച്ചും വിപുലമായ ബോധവല്‍ക്കരണം നടത്തുക, മൃഗങ്ങളോടുള്ള ക്രൂരത വര്‍ധിച്ചുവരുന്ന സാഹചര്യം തടയുന്നത് വഴി അവയുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ വര്‍ഷവും ജനുവരി മാസം 15 മുതല്‍ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആചരിച്ചു വരുന്ന ജന്തുക്ഷേമ ദ്വൈവാരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി.
ജന്തുക്ഷമ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ചര്‍ച്ചകള്‍,സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. യു.പി മുതല്‍ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസരചന, ക്വിസ്, ചിത്ര രചന, പെന്‍സില്‍ ഡ്രോയിങ് തുടങ്ങിയ മല്‍സരങ്ങളില്‍ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി .
ദ്വൈവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന സെമിനാറില്‍ കര്‍ണാടക മിഷന്‍ റേബീസ് ഓപ്പറേഷന്‍ മാനേജര്‍ ഡോ. ബാലാജി ചന്ദ്രശേഖര്‍ പങ്കെടുത്തു. പേവിഷബാധാ പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വീഡിയോ സഹിതം വിവരിച്ചു. നൂറില്‍ തൊണ്ണൂറ്റിയഞ്ച് നായകള്‍ക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക മാത്രമാണ് പേവിഷബാധ പ്രതിരോധത്തിനുള്ള ഏക പോംവഴിയെന്ന് ഡോ. ബാലാജി ചന്ദ്രശേഖര്‍ പറഞ്ഞു. ഗോവയില്‍ നടപ്പിലാക്കിയ മിഷന്‍ റേബീസ് മുഖാന്തിരം 2014 ല്‍ മനുഷ്യരില്‍ 17 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2022ല്‍ എത്തിയപ്പോള്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവയില്‍ ആറാം ക്ലാസ് പാഠപുസ്തകത്തില്‍ പേവിഷബാധ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തി. കുട്ടികള്‍ക്കു മാത്രം ഇത് വരെ 1,76,304 ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയതിലൂടെയും പേവിഷബാധ തടഞ്ഞു നിറുത്താനായതില്‍ വലിയ പങ്കുണ്ടെന്നും ഡോ. ബാലാജി വേണുഗോപാല്‍ പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു ‘ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പരിശീലന’ കൈപ്പുസ്തക പ്രകാശനവും ഫാക്കല്‍റ്റികളെ ആദരിക്കലും മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.
കൗണ്‍സിലര്‍ പാളയം രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ.കൗശിഗന്‍ ഐ.എ.എസ് സ്വാഗതവും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് അംഗം ഡോ. പി.ബി ഗിരിദാസ്, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം മരിയ ജേക്കബ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. വിനുജി ഡി.കെ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ.നാഗരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബീനാ ബീവി ടി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫിസര്‍ ഡോ. റെനി ജോസഫ് നന്ദി പറഞ്ഞു.
മൃഗങ്ങളോട് മനുഷ്യത്വത്തോടെയും അനുകമ്പയോടെയും പെരുമാറേണ്ടത് നമ്മുടെ ധാര്‍മ്മിക കടമയാണ് എന്ന ആശയം മുന്‍നിര്‍ത്തി പക്ഷിപ്പനി എന്ന വിഷയത്തില്‍ ഡോ.എം. മഹേഷ്, നാട്ടാനകളുടെ പരിപാലനം എന്ന വിഷയത്തില്‍ ഡോ.ഗിരിദാസ് പി.ബി, അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും നിയമങ്ങളുടെയും ചട്ടങ്ങളും എന്ന വിഷയത്തില്‍ ഡോ.നന്ദകുമാര്‍ എന്നിവരും സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു.