കേരളത്തിലെ പ്രകൃതി മനോഹരിതയും ഉയര്‍ന്ന സാക്ഷരതാ നിലവാരവും വായനാ താല്പര്യവും സാംസ്‌കാരിക ഉള്‍ക്കാഴ്ചയും മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണെന്ന് അരുണാചല്‍ പ്രദേശിലെ ഗോത്രഭാഷയിലെ എഴുത്തുകാരിയും പ്രൊഫസറുമായ ഡോ. ജമുനാ ബീനി പറഞ്ഞു.
സമാധാന സംസ്ഥാപനത്തില്‍ സാഹിത്യകാരന്മാരുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് ഗ്ലോബല്‍ പീസ് ട്രസ്റ്റ് കടലുണ്ടിപ്പുഴയിലൂടെ ബോട്ട് യാത്ര നടത്തിക്കൊണ്ടുള്ള വട്ടമേശ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
എഴുത്തുകാര്‍ കൃതികള്‍ രചിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിലാണ്. അതില്‍ സത്യത്തിന്റേയും കാരുണ്യത്തിന്റെയും ഭാവങ്ങള്‍ കടന്നുവരുന്നു. ശ്രദ്ധാപൂര്‍വ്വം കൃതികള്‍ വായിക്കുന്നവരുടെ മനസ്സില്‍ സദ്ഭാവങ്ങളുടെ വെളിച്ചമെത്തുന്നു. വ്യക്തി മനസ്സില്‍ സമാധനത്തിന്റെ കാന്തികിരണങ്ങള്‍ എത്തിക്കുന്നവരാണ് എഴുത്തുകാര്‍. ബാല്യത്തില്‍ത്തന്നെ ഉത്തമ കൃതികള്‍ വായിക്കാനുള്ള അഭിരുചി വളര്‍ത്തിയെടുത്താല്‍ ക്രൂരതയുടേയും അക്രമത്തിന്റേയും പാതിയിലേക്ക് യുവതലമുറ നീങ്ങില്ല. ജമുനാ ബീനി വിഷയാവതരണത്തില്‍ പറയുകയുമുണ്ടയി.
ഡോ. ആര്‍സു മോഡറേറ്ററായി. ട്രസ്റ്റ് അംഗങ്ങളായ എം.പി. മാലതി ടീച്ചര്‍, ടി.വി. ശ്രീധരന്‍, അസ്വെംഗ് പാടത്തൊടി, ഡോ. എം.കെ. പ്രീത, ടി. സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.