കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവച്ച് പുറത്തുപോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്.

ജാതി അധിക്ഷേപം അടക്കം ഉയര്‍ത്തി ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ നടത്തിയ വിദ്യാര്‍ത്ഥി സമരത്തില്‍ അടൂരിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥി സമരത്തിന് പിന്നാലെ സിനിമാമേഖലയില്‍ നിന്നും അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് ശങ്കര്‍ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവച്ചത്. അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അടൂര്‍ വഴങ്ങിയില്ല.

ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയത്. ഇതിന് പിന്നാലെ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്. സമരം ശക്തമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *