തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തില്‍ സുസ്ഥിരവും സുരക്ഷിതവുമായ ബ്രോയിലര്‍ ചിക്കന്‍ ഉല്‍പാദന മാര്‍ഗങ്ങള്‍-കേരള ചിക്കന്‍ സ്റ്റേക്‌ഹോള്‍ഡര്‍മാര്‍ക്ക് എന്ന വിഷയത്തില്‍ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ ഫെബ്രുവരി ഒന്നിന് ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. കുടുംബശ്രീക്കൊപ്പം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെപ്‌കോ, ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുക്കും.
ഇറച്ചിക്കോഴികളുടെ ആരോഗ്യപരിപാലനത്തിന് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഈ രംഗത്ത് വ്യാപകമാണ്. ഇത്തരത്തില്‍ വിപണിയിലെത്തുന്ന ആന്റിബയോട്ടിക് അവഷിപ്തങ്ങളടങ്ങിയ മാംസത്തിന്റെ ഉപഭോഗം പൊതുജനാരോഗ്യത്തിന് ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഉല്‍പാദന പ്രകിയയിലും വിതരണ ശൃംഖലയിലും സ്വീകരിക്കേണ്ട അംഗീകൃത പ്രവര്‍ത്തന നടപടിക്രമം തയ്യാറാക്കുന്നതിനായി കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും കൈകോര്‍ക്കുന്നത്.
വിപുലമായ ബ്രോയിലര്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെ ഈ മേഖലയെ സമഗ്രമായി വിഭാവനം ചെയ്തുകൊണ്ടുള്ള അംഗീകൃത പ്രവര്‍ത്തന നടപടി ക്രമത്തിന്റെ കരട് തയ്യാറാക്കുകയാണ് ശില്‍പശാലയുടെ മുഖ്യ അജണ്ട. ബ്രോയിലര്‍ കോഴിയിറച്ചിയിലെ ആന്റിബയോട്ടിക് അവഷിപ്തം കുറയ്ക്കുന്നതിനും ഈ മാംസം ഭക്ഷിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെയും ഭാഗമായാണിത്. നിലവില്‍ ആന്റിബയോട്ടിക് അവഷിപ്തങ്ങളടങ്ങിയ മാംസ ഉല്‍പന്നങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യഭീഷണി സംബന്ധിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാന്‍മാരാകുന്നതും ആന്റിബയോട്ടിക് അവഷിപ്ത വിമുക്ത കോഴിയിറച്ചിയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്.
ആന്റിബയോട്ടിക്കിന്റെ ഉപയോഗം, ആന്റിബയോട്ടിക് വിമുക്ത കോഴിയിറച്ചിയുടെ ഉല്‍പാദനം, ആന്റിബയോട്ടിക് ബദല്‍ സമീപനങ്ങള്‍, ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സാമ്പത്തികശേഷിയും ഭാവി വീക്ഷണവും മാനേജ്‌മെന്റ് രീതികളിലെ മാറ്റം എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ വിവിധ സെഷനുകള്‍ സംഘടിപ്പിക്കും. ബ്രോയിലര്‍ മാനേജ്‌മെന്റ് രംഗത്തെയും കേരള വെറ്ററിനറി സര്‍വകലാശാലയിലെയും വിദഗ്ധര്‍, ഈ രംഗത്ത് രാജ്യത്തെ പ്രമുഖ ഗവേഷകര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നയിക്കും. ശില്‍പശാലയില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ.കൗശികന്‍ സ്വാഗതം പറയും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുന്നതോടൊപ്പം ആഭ്യന്തര ഉപഭോഗത്തിന്റെ അമ്പത് ശതമാനമെങ്കിലും ഇവിടെ ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പാക്കുന്ന പദ്ധതിയാണ് കേരള ചിക്കന്‍.