തലശ്ശേരി: 53 വര്‍ഷമായി തലശ്ശേരി-മനേക്കര-പാനൂര്‍ റൂട്ടിലെ സജിത് ബസിന് നാടിന്റെ ആദരം. തലശ്ശേരിയില്‍നിന്ന് മനേക്കര വഴി പാനൂരിലേക്ക് ആദ്യമായി സര്‍വീസ് നടത്തിയ ബസുകൂടിയാണിത്. അന്നത്തെ അതേ സമയത്തില്‍ ഇന്നും ഓടുന്നു. 1969- ലാണ് കോടിയേരിയിലെ കെ. വേലായുധന്‍ ബസ് വാങ്ങിയത്. തലശ്ശേരിയില്‍നിന്ന് മനേക്കരവരെയായിരുന്നു ആദ്യ സര്‍വീസ്.
ഇന്നത്തെ പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് തിരിച്ചുപോകുകയായിരുന്നു പതിവ്. അതിനപ്പുറത്തെ വീതികുറഞ്ഞ മണ്‍റോഡിന് പൊതുമരാമത്ത് വകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ആര്‍. കുറുപ്പിന്റെ ഇടപെടലോടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടി. നാട്ടുകാരുടെ കൂട്ടായ്മയില്‍ റോഡ് വീതികൂട്ടുകയുംചെയ്തതോടെ 1971-ല്‍ പാനൂരിലേക്ക് ഓട്ടം തുടങ്ങി. രാവിലെ 6.30-ന് പാനൂരില്‍നിന്ന് തുടങ്ങുന്ന ട്രിപ്പ് രാത്രി 10.30 ഓടെ പാനൂരില്‍ അവസാനിക്കും. 1980 ആകുമ്പോഴേക്കും വേലായുധന്‍ ഏഴ് ബസുകളുടെ ഉടമയായി മാറയെങ്കിലും , ഇപ്പോള്‍ പാനൂര്‍-മനേക്കര-തലശ്ശേരി റൂട്ടിലോടുന്ന ബസ് മാത്രമാണുള്ളത്. തുടക്കംമുതല്‍ 16 സിംഗിള്‍ ട്രിപ്പ് ഓടിയിരുന്നു. കോവിഡിനുശേഷം 14 ആയി ചുരുക്കി. യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ സജിത്ത് ബസിനും ബസ് ഉടമയ്ക്കും നാട്ടുകാര്‍ സ്‌നേഹാദരം നല്‍കി. മനേക്കര പൗരാവലിയും ഇഎംഎസ് സ്മാരക വായനശാലയുമാണ് ആദരം പരിപാടി സംഘടിപ്പിച്ചത്.