ന്യൂഡല്‍ഹി: അഞ്ച് മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.ജമ്മു കശ്മീര്‍ പി.സി.സി ഓഫീസില്‍ രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര.
2022 സെപ്റ്റംബര്‍ 7 ന് ആണ് രാഹുല്‍ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ തുടങ്ങുന്നത്. നാല് ദിവസത്തെ തമിഴ്‌നാട് പര്യടത്തിന് ശേഷം സെപ്റ്റംബര്‍ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. എം.പിയായ സംസ്ഥാനത്ത് വലിയ വരവേല്‍പ്പ് രാഹുലിന് ലഭിച്ചു. രാഹുല്‍ഗാന്ധിയുടെ സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം. സി.പി.എമ്മിന്റെ കണ്ടെയ്‌നര്‍ യാത്രയെന്ന പരിഹാസം തുടങ്ങിയവ ചര്‍ച്ചയായി. സ്വാതന്ത്രസമരസേനാനികളുടെ ഒപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ചിത്രം വെച്ചതും 18 ദിവസത്തെ സംസ്ഥാനത്തെ യാത്രക്കിടെ ചര്‍ച്ചയായി. സെപ്റ്റംബര്‍ 30ന് യാത്ര കര്‍ണാടക, നവംബര്‍ ഏഴിന് മഹാരാഷ്ട്ര, നവംബര്‍ 23 ന് മധ്യപ്രദേശ്, ഡിസംബര്‍ നാലിന് രാജസ്ഥാന്‍, ഡിസംബറില്‍ 21 ഹരിയാനയില്‍ കയറി 24 ന് ഡല്‍ഹിയിലെത്തിയ ഭാരത് ജോഡോ യാത്ര, ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് വലിയ റാലി സംഘടിപ്പിച്ചു. ജനുവരി പത്തിന് പഞ്ചാബിലെത്തിയ രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. ഒടുവില്‍ 136 ദിവസം നാലായിരത്തിലധികം പിന്നിട്ട് ജനുവരി മുപ്പതിന് സമാപനം ജമ്മു കശ്മീരില്‍ സമാപനം.
ഗൗരവമില്ലാത്ത നേതാവ് എന്ന വിമര്‍ശനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് താനെന്ന് പ്രതിഛായയിലേക്ക് ഉയരാന്‍ ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിക്കായി. നടന്നു തീര്‍ത്ത വഴികളില്ലാം എല്ലാം കോണ്‍ഗ്രസിന്റെ ഭാവി തന്നില്‍ സുരക്ഷിതമാണെന്ന സന്ദേശവും രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കി. ഇതുവരെ നിങ്ങളുടെ മനസിലുള്ള രാഹുല്‍ ഗാന്ധിയല്ലത്. ആ രാഹുല്‍ മരിച്ചിരിക്കുന്നു. യാത്രക്കിടെ വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ നടത്തിയ പ്രസ്താവന ഭാവി ചുവടുകളിലേക്കുള്ള സൂചനയാണ്. ഇതുവരെ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട രാഹുലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ നേതാവിനെയാണ് കോണ്‍ഗ്രസ് ഇനി പ്രതീക്ഷിക്കുന്നത്
രാഷ്ട്രീയം പറയാതെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ ഇന്ത്യയെ ഒന്നിപ്പിക്കാന്‍ എന്ന സന്ദേശവുമായി രാഹുല്‍ യാത്ര തുടങ്ങിയപ്പോള്‍ കശ്മീര്‍ വരെ രാഹുലിന് നടന്ന് തീര്‍ക്കാനാകില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പരിഹസിച്ചു. എന്നാല്‍ ലാല്‍ ചൗക്കില്‍ തന്റെ മുത്തച്ഛന്‍ പതാക ഉയര്‍ത്തിയിടത്ത് പതാക ഉയര്‍ത്തി രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു. തെക്കേ ഇന്ത്യ കടന്നാല്‍ രാഹുലിന് ചലനമുണ്ടാക്കാനാകില്ലെന്നായിരുന്നു വിലയിരുത്തല്‍, എന്നാല്‍ ഭാരത് ജോഡോ യാത്ര കടന്നുവന്ന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലിനെ കാണാന്‍ സാധാരണക്കാരായ പതിനായിരങ്ങള്‍ അണിനിരന്നു.
ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ അടിമുടി മാറ്റിയെന്ന് നേതാക്കള്‍ വാദിക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമോയെന്ന ചോദ്യം ബാക്കിയാണ്. പത്ത് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നിര്‍ണായക ലോകസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യാത്രയുടെ ഊര്‍ജ്ജം പാര്‍ട്ടി എത്രത്തോളം നിലനിര്‍ത്തുമെന്നത് പ്രധാനമാണ്. വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും രാഹുല്‍ ഭാരത് ജോഡോ യാത്രയിലൂടെ മറുപടി നല്‍കിയെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സംഘടനാ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് യാത്ര പൂര്‍ത്തിയാക്കിയത്.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാധാരണ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ജോഡോ യാത്ര പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം വരുമെന്നാണ് പാര്‍ട്ടിയിലെ നേതാക്കളുടെ പ്രതീക്ഷ. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെയുള്ള ഹാഥ് സേഹാഥ് അഭിയാന്‍, പ്രിയങ്കാ ഗാന്ധി നയിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മഹിളാ മാര്‍ച്ച് എന്നിവയുണ്ടാകും. ഇത് താഴെത്തട്ടില്‍ കൂടുതല്‍ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധി തന്നെ വീണ്ടും പ്രചാരണപരിപാടികളുമായി രംഗത്തെത്തുമെന്ന സൂചനയുണ്ട്.