കോഴിക്കോട്: ജീവിതത്തിന്റെ ആകെ തുക സുഖ ദു:ഖ സമ്മിശ്രമാണെന്നും പുരോഗമനം എന്നു പറയുന്നത് വേറിട്ട ഒന്നല്ലെന്നും പാരമ്പര്യത്തിൽ നിന്ന് പുതുമകൾ സ്വാംശീകരിക്കുന്നതാണ് പുരോഗമനമെന്നും പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വൽസൻ നെല്ലിക്കോട് പറഞ്ഞു. യുവതലമുറ സ്വാതന്ത്ര്യമെന്ന പേരിൽ സുഖിക്കുകയാണ്. സ്വാതന്ത്ര്യം വേണ്ടേ, വേണം, പക്ഷേ അതിര് വിടുന്ന സ്വാതന്ത്ര്യം വിപത്ത് സൃഷ്ടിക്കുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യത്തെ മറക്കുകയും, പുതിയ ശാസ്ത്ര ബോധത്തെ എതിർക്കുകയും പാരമ്പര്യം പിൻപറ്റില്ല എന്ന വാദവും ശരിയല്ല. എല്ലാ രാജ്യങ്ങളും മുന്നേറുന്നത് പാരമ്പര്യത്തിൽ നിന്നാണ്. രാഷ്ട്രീയവും, മതവും ഒരു പരിധിവരെ മനുഷ്യനെ പിന്നോക്കം വലിച്ചിട്ടുണ്ട്. അധികാരമില്ലെങ്കിൽ രാഷ്ട്രീയക്കാർക്ക് സ്ഥാനമില്ല. സാഹിത്യകാരന് വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. നിഷ്പക്ഷമായ രചനകളിലാണ് സാഹിത്യകാരന്മാർ മുഴുകേണ്ടത്. കാലത്തെ മാറ്റാൻ നമുക്കാർക്കും കഴിയില്ല. കെട്ടകാലത്ത്, നല്ലകാലത്തിനായി ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്താൽ തീർച്ചയായും നല്ലകാലം വരുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരദീപം ലൈബ്രറി ഒന്നാം വാർഷികവും പുസ്തക പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷര ദീപം പ്രസിഡണ്ട് ആശാ രാജീവ് അധ്യക്ഷത വഹിച്ചു. അക്ഷര ദീപം ലൈബ്രറിയെക്കുറിച്ച് വിജയൻ മാഷ് സംസാരിച്ചു. പുസ്തകങ്ങളുടെ ആദ്യ വിൽപ്പന കോർപ്പറേഷൻ കൗൺസിലർ നിർമ്മല.കെ നിർവ്വഹിച്ചു.
ആദ്യാക്ഷര പുണ്യം, വയനാടിനെ അറിയാൻ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. വിജയൻ .ടി, മുസ്തഫ.ടി.കെ, ഷിജു പാവയിൽ എന്നിവർ സംസാരിച്ചു. . ശ്രീരഞ്ജിനി ചേവായൂർ സ്വാഗതവും ശ്രീലത രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.