കോഴിക്കോട്: കാശ്യപാശ്രമത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ലോകത്തിലെ ആദ്യ വേദക്ഷേത്രത്തിലെ വേദപ്രതിഷ്ഠാ ചടങ്ങുകള്‍ 30, 31 തിയതികളില്‍ നടക്കും. പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ ജാതി-മത-ലിംഗ ഭേദമന്യേ എല്ലാവരേയും വേദങ്ങളും വൈദിക ആചാരണങ്ങളും പഠിപ്പിക്കുന്ന സ്ഥാപനമായ കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷനാണ് വേദക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കര്‍ണാടകയിലെ സുള്ളിയയില്‍ നിന്നുള്ള വേദപണ്ഡിതര്‍ മറ്റ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. സഫലപുണ്യാഹം, നാന്ദീമുഖ പുണ്യാഹം, സ്വസ്തിവാചനം, ധ്വജാരോഹണം, മഹാഗണപതിഹവനം, വേദാരതി, മഹാമൃത്യുഞ്ജയഹോമം, വേദപൂജ, ആയുഷയജ്ഞം എന്നിവയാണ് 30ന് നടക്കുന്ന ചടങ്ങുകള്‍. മഹാഗണപതിഹവനം, വേദപ്രതിഷ്ഠ, വേദാരതി, വേദപൂജ, വേദപാരായണം, ആചാര്യശ്രീ രാജേഷിന്റെ അനുഗ്രഹഭാഷണം, അനുമോദനം, മേധാക്തജപം, ഗായത്രീജപാര്‍ച്ചന, സംഗീത-നൃത്തസേവകള്‍, ധ്വജാവരോഹണം, ശാന്തിമന്ത്രജപം എന്നിവയാണ് 31ന് നടക്കുക. സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായി കരുതപ്പെടുന്ന ചതുര്‍വേദങ്ങളെ മാത്രം പ്രതിഷ്ഠിച്ചുക്കൊണ്ട് വേദങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രം ഇന്ത്യയിലോ, ഇന്ത്യക്ക് പുറത്തോ ഇന്നേവരെ നിര്‍മിക്കപ്പെട്ടിട്ടില്ല. രാവിലെ ആറ് മുതല്‍ 8.30 വരേയും 11.30 മുതല്‍ ഉച്ചക്ക് 12.30 വരേയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് മണിവരേയുമാണ് ദരശനസമയം. അറിവിന് പ്രാമുഖ്യം നല്‍കി മുന്‍പോട്ട് പോകണം എന്നതാണ് വേദക്ഷേത്രത്തിന്റെ സന്ദേശം. വാര്‍ത്താസമ്മേളനത്തില്‍ പി.ടി വിപിന്‍ ആര്യ, സി. സുരേഷ് വൈദിക്, ഒ.ബാബുരാജ് വൈദിക്, വി.പി ബാലകൃഷ്ണന്‍ വൈദിക്, നിര്‍മല്‍ കുമാര്‍ വൈദിക്, ഇ.അജിത്ത് കുമാര്‍ വൈദിക് എന്നിവര്‍ പങ്കെടുത്തു.