- ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കും
ശ്രീനഗര്‍: കഴിഞ്ഞ ദിവസം സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നും രാവിലെയാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിര്‍ത്തിവച്ചത്. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് ആരോപണം ജമ്മുകശ്മീര്‍ പോലിസ് നിഷേധിച്ചു.
വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും യാത്ര നിര്‍ത്തുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്തില്ലെന്നുമാണ് ജമ്മു കശ്മീര്‍ പോലിസ് പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കില്‍ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
സുരക്ഷാ പാളിച്ചകള്‍ കാരണം ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടി വന്നുവെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. സി.ആര്‍.പി.എഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നുവെന്നും ഇന്നലെ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.