കോഴിക്കോട്: ഹിന്ദുത്വ ഫാഷിസം, സവര്‍ണ മേല്‍ക്കോയ്മ, കോര്‍പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ എന്നിവയുടെ ഇരകളെ ചേര്‍ത്തുപിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങള്‍, ദളിതര്‍, ക്രൈസ്തവര്‍, ദളിത് ക്രൈസ്തവര്‍, പിന്നോക്ക ഹിന്ദുക്കള്‍, സ്ത്രീകള്‍, തീരദേശ ജനത, ഭൂരഹിതര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയര്‍ത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കും. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് വിപുലമായ ജനാധിപത്യ രാഷ്ട്രീയ സഖ്യം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രൂപീകരിക്കപ്പെടേണ്ടതുണ്ട്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തം കൂടി അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയത്തിനേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. തമിഴ്‌നാട് അക്കാര്യത്തില്‍ മാതൃകയാണ്. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നായങ്ങള്‍ രൂപപ്പെടാന്‍ പോകുന്നത്.
കോര്‍പറേറ്റുകളുടെ സാമ്പത്തിക താല്‍പര്യമാണ് ഭരണകൂടങ്ങള്‍ നടപ്പാക്കുന്നത്. അദാനിയെ പോലുള്ള മുതലാളിമാര്‍ പൊതുസമ്പത്ത് കൊള്ളയടിച്ച് തടിച്ചു കൊഴുത്തവരാണ്. ചങ്ങാത്ത മുതലാളിത്തത്തിലൂടെ നേടിയെടുത്ത കൃത്രിമ സമ്പന്നതയാണ് ഇത്തരം മുതലാളിമാര്‍ക്കുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം എല്ലാ രംഗത്തും ലഭ്യമാകണം. സവര്‍ണ സംവരണം റദ്ദ് ചെയ്യപ്പെടണം. സംവരണ സമൂഹങ്ങള്‍ക്ക് ജനസംഖ്യാനുപാതിക സംവരണം ലഭ്യമാകേണ്ടതുണ്ട്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സംവിധാനങ്ങളിലേയും സ്ഥാപനങ്ങളിലേയും നിയമനം സംവരണം ബാധകമാക്കി പി.എസ്.സിക്ക് വിടണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് കൈമാറണം. സ്വകാര്യമേഖലയില്‍ സംവരണം ബാധകമാക്കും. ഇക്കാര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് വരുംനാളുകളില്‍ പാര്‍ട്ടി നേതൃത്വം നല്‍കും. രാഷ്ട്രീയ ശക്തിയായി വെല്‍ഫെയര്‍ പാര്‍ട്ടിയെ മാറ്റിയെടുക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവരും പങ്കെടുത്തു.