മാഹി: മയ്യഴിയിലെ ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ തുടര്‍ച്ചയായി തമിഴില്‍ അച്ചടിച്ച് പ്രസിദ്ധികരിക്കുകയും പല പ്രദേശങ്ങളിലായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് മൂലം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു. ആശ്വാസ പദ്ധതികള്‍, അര്‍ഹതപ്പെട്ടവര്‍ അറിയാതെ പോവുകയാണ്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ച രണ്ട് തരം ബോര്‍ഡുകള്‍ നോക്കുകുത്തികളായി മാറുകയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ചും സോളാര്‍ സംവിധാനത്തിലേക്ക് പൊതുജനം മാറുവാനുമുള്ള ബോധവല്‍ക്കരണവുമാണ് ഇതിലുള്ളത്. ഇത്തരം പദ്ധതികളില്‍ ഉള്‍പ്പെട്ടാല്‍ ലഭിക്കുന്ന സബ്‌സിഡികള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് വിശദമാക്കിയിട്ടുള്ളത്. ബോര്‍ഡ് തമിഴിലായതിനാല്‍ വായിച്ചു മനസ്സിലാക്കണമെങ്കില്‍ തമിഴ് ഭാഷ അറിയുന്നയാളിന്റെ സഹായം തേടണം. ഇതിന് മുമ്പ് കൃഷി സംബന്ധമായ സഹായങ്ങള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. അതും തമിഴിലായിരുന്നു. പിന്നീട് അവ സ്ഥാപിച്ചവര്‍ തന്നെ അതാതിടങ്ങളില്‍ നിന്നും മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ലഭ്യമാകുന്ന ഏതൊരാനുകൂല്യവും മാഹി നിവാസികള്‍ കൂടി അറിയുംവിധം മലയാളത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വകരിക്കുവാന്‍ ഉത്തരവാദിത്വപെട്ടവര്‍ തയ്യാറാവണമെന്ന് ജനശബ്ദം മാഹി പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.