കോഴിക്കോട്: സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ യാത്രാസൗകര്യം ഒരുക്കിയും പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിയും പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടമെന്ന് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസ് വ്യവസായത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യബസുകളുടെ പെര്‍മിറ്റ് പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് അടിയന്തിരമായി വര്‍ധിപ്പിക്കുകയും പൊതുഗതാഗത മേഖല സംരക്ഷിക്കുന്നതിന് ഒരു ഗതാഗത നയം രൂപീകരിക്കണമെന്നും സിറ്റി സര്‍വീസുകള്‍ക്ക് 15 വര്‍ഷം കാലാവധി എന്നത് 20 വര്‍ഷമാക്കി മാറ്റണമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് സമ്മേളനം ആവശ്യപ്പെട്ടു. കുടുംബസമ്മേളനം ഉദ്ഘാടനം ചെയ്ത തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പഴയകാല ബസുടമകളെ ആദരിച്ചു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ ജന. സെക്രട്ടറി എം. തുളസിദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ , വയനാട് ജില്ലാ സെക്രട്ടറി രഞ്ജിത്റാം, കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഇ. റിനീഷ്, ബാബുരാജ്, എം.എസ് ഷാജു, സി.കെ അബ്ദുറഹ്‌മാന്‍ , മനോജ് കൊയിലാണ്ടി, സത്താര്‍, ആലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബീരാന്‍ കോയ നന്ദി പറഞ്ഞു.