ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിലുണ്ടായ ആക്രമണത്തില്‍ എട്ടു പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമിയെ ഇസ്രയേല്‍ പോലിസ് വധിച്ചു. ആക്രമണത്തില്‍ മരണപ്പെട്ടവര്‍ എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊള്‍ സിനഗോഗ് ആക്രമിക്കപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 10 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു.
ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്‌ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീന്‍ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്ന് ഇസ്രായേല്‍ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ കെട്ടിടങ്ങള്‍ വളയുകയും പലസ്തീന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.