കോഴിക്കോട്: കാര്‍ഷിക മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) 30ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധര്‍ണ പാര്‍ട്ടി ചെയര്‍മാന്‍ അഡ്വ.അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ബഫര്‍സോണ്‍ പ്രശ്‌നം പരിഹരിക്കുക, കൃഷിനാശത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുക, കര്‍ഷകരുടെ മേലുള്ള ബാങ്ക് ജപ്തി നടപടികള്‍ ഒഴിവാക്കുക, ജനവാസ മേഖലകളെ ഒഴിവാക്കി മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മിക്കുക, കൊവിഡ് ബാധിത അശരണര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ആശ്വാസ പദ്ധതി ഉടന്‍ നടപ്പിലാക്കുക, വയനാട്ടിലേക്ക് അടിയന്തിര ബദല്‍ യാത്രാ സംവിധാനം ഒരുക്കുക എന്നിവ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നതെന്ന് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ എം.സി സെബാസ്റ്റ്യന്‍ പറഞ്ഞു. കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, മനുഷ്യജീവനെടുത്തും വന്യമൃഗങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ വനംവകുപ്പ് മന്ത്രി ഉറങ്ങുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. വനംവകുപ്പ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ താല്‍പര്യം മാത്രം നടപ്പിലാക്കുന്ന ഒന്നായി അധഃപതിച്ചിരിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ എം.സി സെബാസ്റ്റ്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വീരാന്‍കുട്ടി, സംസ്ഥാന ട്രഷറര്‍ വത്സന്‍ അത്തിക്കല്‍, ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.