കോഴിക്കോട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ 12 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന അമ്മൂസ് ഡയറി ഫാമിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ജനകീയ സമരസമിതി ശങ്കരന്‍വയല്‍ രക്ഷാധികാരി ഷിജുജോര്‍ജും കണ്‍വീനര്‍ നവീന്‍ പ്രഭാകരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടക്കത്തില്‍ 2,3 പശുക്കള്‍ മാത്രമുണ്ടായിരുന്നത് ഇപ്പോള്‍ 50, 60 പശുക്കളായി. ഫാമില്‍നിന്ന് പുറത്തേക്കൊഴുകുന്ന ചാണകവും വെള്ളവും മൂലം പരിസരവാസികളുടെ കിണറുകള്‍ മലിനമായിരിക്കുകയാണ്. പ്രതിദിനം 20000 ലിറ്റര്‍ മലിനജലമാണ് പുറത്തേക്ക് ഒഴുകുന്നത്. ഈ വെള്ളം ഒഴുകി പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. കിണറിലെ വെള്ളം പരിശോധിച്ചപ്പോള്‍ അമിതമായ അളവില്‍ ഇകോളി ബാക്ടീരിയ അടങ്ങിയതായി ലാബ് റിപ്പോര്‍ട്ടുണ്ട്.
ഈ വെള്ളം കുടിക്കരുതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫാമിലെ മാലിന്യം ശുചീകരിക്കാന്‍ ആധുനിക ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാനും അതുവരെ ശുദ്ധജലം എല്ലാ വീടുകളിലും ഫാം ഉടമയെത്തിക്കണമെന്ന കരാര്‍ ഫാം ഉടമ ലംഘിച്ചിരിക്കുകയാണ്. വീടുകളില്‍ ലൈറ്റ് ഇടാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഒരുതരം ഈച്ചകള്‍ ചെറിയ കുട്ടികളെ വരെ കടിക്കുകയാണ്. ദുര്‍ഗന്ധം കാരണം ഭക്ഷണം കഴിക്കാന്‍ പോലുമാകാത്ത സാഹചര്യമാണ്. ഈ ഫാമിന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോകുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ ഫാമിന്റെയടുത്ത് വളരെ പ്രയാസപ്പെട്ടാണ് ജീവിക്കുന്നതെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.