ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൂപ്പുകുത്തുകയും കോടികളുടെ നഷ്ടങ്ങള്‍ സംഭവിച്ചതും വാര്‍ത്തയായിരിക്കുകയാണ്. അദാനിക്കെതിരേ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണ്. അതിനാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ആര്‍.ബി.ഐയും സെബിയും അന്വേഷിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരേ മോദി സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണ്. അദാനിയുടെ നിയമവിരുദ്ധ നടപടികളോട് മോദി കണ്ണടയ്ക്കുകയാണ്. ഇതെല്ലാം കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമാണോയെന്നും അദ്ദേഹം ചോദിച്ചു.
ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്. ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരേ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്.
രണ്ട് വര്‍ഷത്തെ അന്വേഷണങ്ങളിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അവകാശവാദം. സാമ്പത്തിക മേഖലയില്‍ പഠനം നടത്തുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ കൃത്രിമമായി ഉയര്‍ത്തിയെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://peoplesreview.co.in/india/33148