കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ നിരോധിത മേഖല കാടിനുള്ളില്‍ തന്നെ നിലനിര്‍ത്തുന്ന തരത്തില്‍ കാര്യങ്ങള്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന മാനേജിങ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. തികച്ചും നിയമപരമായ ഈ വിഷയത്തില്‍ ദീര്‍ഘവീക്ഷണത്തോടെ മുന്നോട്ട് പോകാന്‍ നടപടികള്‍ ഉണ്ടാവണം. വന്യജീവികളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അടിയന്തര സുരക്ഷിതത്വ നടപടികള്‍ കൈക്കൊള്ളാന്‍ വനം വകുപ്പ് തയ്യാറാകണം. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകാന്‍ റബര്‍ താങ്ങുവില 250 രൂപയെങ്കിലുമായി നിലനിര്‍ത്തി സബ്‌സിഡി നല്‍കാന്‍ നടപടികള്‍ എടുത്ത് ദുരിതത്തിന് പരിഹാരം ഉണ്ടാക്കണം. വിഴിഞ്ഞം തുറമുഖത്തിന് സമീപം മത്സ്യബന്ധനം നിരോധിക്കുന്ന തരത്തിലുള്ള ഉത്തരവുകള്‍ തീരസമൂഹത്തെ വീണ്ടും പ്രകോപിപ്പിക്കുന്നതാണ്. വിഴിഞ്ഞം സമര സമയത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും എന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
2019 ലെ തീരെ നിയന്ത്രണ വിജ്ഞാപനം നടപ്പാക്കുന്നതിനുള്ള തീരപരിപാലന പ്ലാന്‍ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് തീരവാസികളുടെ ഭവന നിര്‍മാണ അവകാശങ്ങളെ സാരമായി ബാധിക്കുന്നു. കരട് തീര പരിപാലന പ്ലാന്‍ പുറത്തിറക്കുമ്പോള്‍ തദ്ദേശവാസികളുടെ ഭവന നിര്‍മാണം നിയന്ത്രണ മേഖലയിലും സുരക്ഷാ സംവിധാനങ്ങളോടെ സാധ്യമാകുന്ന തരത്തില്‍ വിജ്ഞാപനത്തില്‍ പ്രത്യേകം അനുവദിച്ചിരിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജാഗ്രത ഉണ്ടാകണം. ഇതിനായി തദ്ദേശ ഭരണകൂടങ്ങളുടെ തലത്തില്‍ തീര മേഖലയിലെ തദ്ദേശവാസികള്‍ക്ക് വേണ്ടി പ്രാദേശിക സമിതികള്‍ രൂപീകരിക്കുമെന്നും കെ.എല്‍.സി.എ ഭാരവാഹികള്‍ അറിയിച്ചു. യോഗം കെ.എല്‍.സി.എ മുന്‍ പ്രസിഡന്റ് ആന്റണി നൊറോണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷെറി ജെ.തോമസ് അധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന സമിതി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന എക്ലിസിയാസ്റ്റിക്കല്‍ അഡൈ്വസര്‍ മോണ്‍. ജോസ് നവാസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, കെ.ആര്‍.എല്‍.സി.സി ട്രഷറര്‍ എബി കുന്നേപറമ്പില്‍, രതീഷ് ആന്റണി, ഫാ. സെബാസ്റ്റ്യന്‍ ഓലിക്കര, ഫാ. പീറ്റര്‍, ബേബി ഭാഗ്യയോദയം, വിന്‍സി ബൈജു, ജസ്റ്റിന്‍ കരിപ്പാട്ട്, സാബു കാനക്കാപ്പള്ളി, മഞ്ജു ആര്‍.എല്‍, ജോണ്‍ ബാബു, സാബു വി.തോമസ്, ഷൈജ ആന്റണി,
പൂവം ബേബി എന്നിവര്‍ പ്രസംഗിച്ചു.