തിരുവനന്തപുരം: മലയിന്‍കീഴ് പഞ്ചായത്തിലെ പേയാട് തച്ചോട്ടുകാവിലെ ശശിധരന് എന്ന ക്ഷീരകര്‍ഷകന്റെ പശുവാണ് ഇരട്ടത്തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി എന്ന് തോന്നിക്കുന്ന വിചിത്രരൂപമുള്ള ജീവിയ്ക്ക് ജന്മം നല്‍കിയത്. ഇന്നലെ (ജനുവരി 26 വ്യാഴാഴ്ച ) അതിരാവിലെ മുതല്‍ പശുവിന് പ്രസവവേദന ആരംഭിച്ചിരുന്നു. പശുവിന്റെ മൂന്നാമത്തെ പ്രസവം ആയിരുന്നതിനാല്‍ ഏഴ് മണിയായിട്ടും പ്രസവം നടക്കാതെ വന്നപ്പോഴാണ് ശശിധരന് പരിചയക്കാരനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ ഡോ. ആര്. വേണുഗോപാലിനെ വിളിച്ചുവരുത്തിയത്. പ്രസവം അതിസങ്കീര്‍ണമാണെന്ന് കണ്ടെത്തിയത്തിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സര്ജന് ഡോ. എ.കെ അഭിലാഷ്, തിരുപുറം വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോ. എസ്. ബിജേഷ് എന്നിവരെ കൂടി വിളിച്ചുവരുത്തി സിസേറിയന് ശാസ്ത്രക്രിയ ചെയ്യേണ്ടതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിപ്പിച്ചപ്പോള്‍ ഗര്ഭവസ്ഥയിലേ മരിച്ചുപോയ, രണ്ടു തലയും രണ്ടു വാലും ഉള്ള വിചിത്രരൂപത്തെയാണ് പുറത്തെടുത്തത്.
ജന്മനാ ഇത്തരം ശാരീരിക വൈകല്യങ്ങള്‍ ഉള്ള പൈക്കുട്ടികള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോ. ആര്. വേണുഗോപാല്‍ പറഞ്ഞു. കര്‍ഷകന്റെ വീട്ടില്‍ വെച്ച് പശുവിനെ സിസേറിയന് ചെയ്യുന്നത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം പശു പൂര്‍ണാരോഗ്യം പ്രാപിച്ചു വരുന്നതായും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ടി.എം ബീനാ ബീവി പറഞ്ഞു.
NB: കര്‍ഷകരുടെ ശ്രദ്ധയ്ക്ക് :-
ഇത്തരം അതിസങ്കീര്‍ണമായ അടിയന്തര സാഹചര്യങ്ങളില്‍ സിസേറിയന് ശസ്ത്രക്രിയ മാത്രമാണ് ഏകപരിഹാരം