- ശതകോടികളുടെ നഷ്ടം
- തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
മുംബൈ: ഇന്ന് നടന്ന അദാനി ഗ്രൂപ്പിന്റെ തുടര്‍ ഓഹരി സമാഹരണത്തില്‍ കമ്പനിയുടെ എല്ലാ ഓഹരികളും വന്‍ നഷ്ടത്തില്‍. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ 20% വരെ ഇടിഞ്ഞു. ശതകോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ ഓഹരി സമാഹരണം നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ എഫ്.പി.ഒയിലൂടെ 20,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് സമാഹരിക്കാന്‍ ഒരുങ്ങുന്നത് ജനുവരി 27 മുതല്‍ 31 വരെയാണ് അദാനി എന്റര്‍പ്രൈസസിന്റെ എഫ്.പി.ഒ. അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 46,000 കോടിയോളം രൂപയുടെ ഇടിവാണ് ഉണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി സമാഹരണമാണ് ഇന്ന് മുതല്‍ ചൊവ്വാഴ്ച്ച വരെ നടക്കുന്നത്. കടം തിരിച്ചടവിനും മറ്റു ചിലവുകള്‍ക്കുമായുള്ള തുക നേടുക എന്നതാണ് ഈ തുടര്‍ ഓഹരി സമാഹരണം കൊണ്ട് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി ഇന്ന് വ്യാപാരം പുനരാരംഭിക്കുന്നത്.
ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്. ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും നിയമ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പ് ഇറക്കി. അദാനി എന്റര്‍പ്രൈസസിന്റെ എഫ്.പി.ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനി ആരോപിക്കുന്നത്.
രണ്ട് വര്‍ഷത്തെ അന്വേഷണങ്ങളിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അവകാശവാദം. സാമ്പത്തിക മേഖലയില്‍ പഠനം നടത്തുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ കൃത്രിമമായി ഉയര്‍ത്തിയെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.