തിരുവനന്തപുരം: സംഘപരിവാര്‍ കേന്ദ്ര അധികാരത്തിന്റെ മറവില്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ് ഇന്ത്യയില്‍ അധികാരം കൈയാളുന്നത്. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കള്‍ ആയി സംഘപരിവാര്‍ ചിത്രീകരിക്കുന്നു. മുത്തലാഖിന്റെ പേരില്‍ മുസ്‌ലിംകളെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതി ഉണ്ടാക്കി. ബി.ജെ.പി നേതാക്കള്‍ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ കലാപാഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഗാന്ധിവധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. അംബേദ്കര്‍ ഭരണഘടനാ ശില്‍പി അല്ല എന്ന് വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദു എന്നതിന്റെ വിപരീതപദം മുസ്‌ലിം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഭരണഘടന തകര്‍ന്നാല്‍ രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകരും. വ്യക്തി സ്വാതന്ത്ര്യവും തകരും. അതിലേക്ക് പോകാതെ സംരക്ഷിക്കണം. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തില്‍ കയറുന്നവര്‍ വരെ അതിന്റെ മൂല്യങ്ങള്‍ക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു. അതിലെ അപകടം വലുതാണ്. ലെജിസ്ലേറ്റര്‍ എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കന്‍ ഉള്ള ചെക്ക് & ബാലന്‍സ് സംവിധാനം ഇവിടെയുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചതാണ്. അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടന ഇല്ലാതായാല്‍ എന്ത് സംഭവിക്കും എന്നതിന് ജര്‍മനി ഉദാഹരണമാണ്. ന്യൂനപക്ഷങ്ങള്‍ വിധേയപെട്ട് ജീവിക്കേണ്ടവര്‍ ആണ് എന്ന പ്രസ്താവന ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.