ബജറ്റില്‍ പുതിയ പദ്ധതിക്ക് സാധ്യതകളില്ല; കിഫ്ബി അനിശ്ചിതത്വത്തില്‍

ബജറ്റില്‍ പുതിയ പദ്ധതിക്ക് സാധ്യതകളില്ല; കിഫ്ബി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ഇപ്രാവശ്യത്തെ ബജറ്റില്‍ കിഫ്ബിക്കായി ഫണ്ട് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എക്കാലവും വന്‍കിട പദ്ധതികള്‍ക്ക് കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്നും പണമില്ലാതെ പദ്ധതികള്‍ മുടങ്ങുന്നുണ്ടെങ്കില്‍ തിരുത്തല്‍ വേണ്ടത് കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിലവിലെ പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
5 വര്‍ഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതി. ഒന്നിച്ച് പണമിറക്കി ഒറ്റയടിക്ക് വികസനം നടപ്പാക്കാന്‍ ഇതല്ലാതെ മറ്റ് വഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ബജറ്റില്‍ കിഫ്ബി അവതരിപ്പിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് തന്നെ പദ്ധതി 50000 കോടി കവിഞ്ഞു. 31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത്, പൊതുവിപണിയില്‍ നിന്ന് കടമെടുത്തും വിവിധ സെസ്സുകള്‍ വഴിയും കിട്ടിയത് 19,220 കോടി, റവന്യു മോഡല്‍ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാനത്തിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയോടെ പദ്ധതിയാകെ താളം തെറ്റിയ അവസ്ഥയിലാണ്. തുടങ്ങി വച്ച പണികള്‍ക്ക് 10,000 കോടി വായ്പയെടുക്കാന്‍ ഗ്യാരണ്ടി നില്‍ക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവില്‍ അംഗീകരിക്കാന്‍ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

ഇതുവരെ 73,851 കോടിയുടെ 986 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ മാത്രം 449 പദ്ധതി. 142 എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പിന്, 93 പദ്ധതികള്‍ ജലവിഭവ വകുപ്പിനും, 65 പദ്ധതി ആരോഗ്യ കുടുംബക്ഷേമ വകുപ്പിനുമുണ്ട്. കിഫ്ബി വഴി നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സാങ്കേതികകാരണങ്ങളാല്‍ മുടങ്ങിയവയക്ക് പകരമായുള്ള പുതിയ പദ്ധതികള്‍ക്കുമാത്രമാണ് ഇനിയുള്ള സാധ്യത. കിഫ്ബി വായ്പയും പെന്‍ഷന്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എടുക്കുന്ന വായ്പകളും സര്‍ക്കാരിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്രം അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിലവില്‍ നടക്കുന്ന പദ്ധതികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *