ചുവട്-2023: പെണ്‍കരുത്തിന്റെ രജത ചരിത്രമായി കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം

ചുവട്-2023: പെണ്‍കരുത്തിന്റെ രജത ചരിത്രമായി കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം

തിരുവനന്തപുരം: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് കരുത്തു പകര്‍ന്ന ‘ചുവട്-2023’ അയല്‍ക്കൂട്ട സംഗമം നാടെങ്ങും തരംഗമായി. സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ദൂരവും വേഗവും ലക്ഷ്യമിട്ട് കരുത്തുറ്റ ചുവടുകള്‍ ഉറപ്പിച്ച അയല്‍ക്കൂട്ട സംഗമം കുടുംബശ്രീയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി മാറിയ ദിനമായിരുന്നു ഇന്ന്.

രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിനത്തില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിച്ചത് പ്രവര്‍ത്തകര്‍ക്ക് ഇരട്ടി മധുരമായി. ഹരിത ചട്ടം പാലിച്ച് പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ കൊണ്ടലങ്കരിച്ച വേദികളായിരുന്നു മിക്കയിടത്തും. നേരത്തെ നിര്‍ദേശിച്ചതു പ്രകാരം രാവിലെ തന്നെ അയല്‍ക്കൂട്ടങ്ങളിലേക്ക് അംഗങ്ങള്‍ എത്തിത്തുടങ്ങി. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയെന്ന ഖ്യാതി നേടിയ കുടുംബശ്രീയുടെ കുടക്കീഴില്‍ 46 ലക്ഷം വനിതകള്‍ അണിനിരന്നു. രാവിലെ എട്ടു മണിക്ക് സംസ്ഥാനത്തെ മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ദേശീയ പതാക ഉയര്‍ന്നതോടെ ഓരോ അയല്‍ക്കൂട്ടങ്ങളും സ്വന്തമായി രചിച്ച് ഈണം നല്‍കിയ സംഗമഗാനം അവതരിപ്പിച്ചു. അതിനു ശേഷം അംഗങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നല്‍കിയ അയല്‍ക്കൂട്ട സംഗമ സന്ദേശം എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും എത്തി.

25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും ഇന്നലെ അയല്‍ക്കൂട്ട തലത്തിലെ ചര്‍ച്ച. പുതിയ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും കുടുംബശ്രീയെ നവീകരിക്കുന്നതിനുമുള്ള മികച്ച നിര്‍ദേശങ്ങള്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത് ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കി.

മന്ത്രിമാരായ എം.ബി രാജേഷ് പാലക്കാട് സൗത്ത് സി.ഡി.എസിലെ തേജസ്, ആര്‍. ബിന്ദു വയനാട് ജില്ലയിലെ മീനങ്ങാടി സി.ഡി.എസിലെ കൈരളി, അഡ്വ. കെ. രാജന്‍ തൃശൂര്‍ ജില്ലയിലെ നടത്തറ സി.ഡി.എസിലെ മൈത്രി മാതാ എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കൊല്ലം ജില്ലയിലെ ഈസ്റ്റ് സി.ഡി.എസ് തെക്കേവിള ഡിവിഷനിലെ ഫ്രണ്ട്‌സ്, ഉദയമാര്‍ത്താണ്ഡപുരം വൈശാലി എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. കൂടാതെ എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍മാര്‍ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരും അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കാളികളായി.
കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടാംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാര്‍ എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *