കോഴിക്കോട്: സൂര്യകാന്തി ഫൗണ്ടേഷന്‍ കിര്‍ത്താഡ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊഗാല്‍ ഗോത്ര മഹോത്സവം 28ന് ശനി രാവിലെ 10 മണിമുതല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഒ.രാജഗോപാലും സുര്യകാന്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിത്തു ധര്‍മരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുസ്തക പ്രദര്‍ശനം കാലിക്കറ്റ ്പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും ചരിത്രപ്രദര്‍ശനം പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ.യു.ഹേമന്ത്കുമാറും ഉദ്ഘാടനം ചെയ്യും. ഗോത്രജീവിതങ്ങളുടെ സമകാലിക പരിസരം എന്ന വിഷയത്തിലുള്ള സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്‌ലോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ മേധാവി പ്രൊഫ. ഇ.കെ ഗോവിന്ദവര്‍മ രാജ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിമുതല്‍ കൊഗാല്‍ ട്രൈബല്‍ ഫെസ്റ്റിവല്‍ നടക്കും.
തുടിത്താളം ഗോത്രകലാ സംഘം വയനാട് അവതരിപ്പിക്കുന്ന വട്ടക്കളി, ചീനം, തുടി, കമ്പളനാട്ടി, തുടിമേളം എന്നിവയും അട്ടപ്പാടി ഇരുള കലാസംഘം അവതരിപ്പിക്കുന്ന ‘നമുക്ക് നാമെ’- കൃഷിയും മനുഷ്യനും പാട്ട്, നമ്മുത് നാതം ഇരുള നൃത്തം എന്നിവ അരങ്ങേറും. വൈകീട്ട് നാല്മണിക്ക് നടക്കുന്ന ഗോത്രസ്മൃതി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും. ഡെപ്യൂട്ടിമേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ അധ്യക്ഷത വഹിക്കും. കിര്‍ത്താഡ്‌സ് ഡയരക്ടറും പെരിന്തല്‍മണ്ണ സബ്കലക്ടറുമായ ശ്രീധന്യ സുരേഷ് പ്രത്യേക അതിഥിയായി പങ്കെടുക്കും. ടി.വി ബാലന്‍, ജി.രാധാകൃഷ്ണ കുറുപ്പ്, നൗഷാദ് തെക്കയില്‍ ആശംസകള്‍ നേരും. ജിത്തു ധര്‍മരാജ് ആമുഖഭാഷണം നടത്തും. അനില്‍മാരാത്ത് സ്വാഗതവും എസ്.വി അബ്ദുല്‍ സലീം നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അനില്‍ മാരാത്ത്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ഗുരുക്കള്‍, പ്രോജക്ട് ഡയരക്ടര്‍ കുപ്പുസാമി മരുതന്‍ എന്നിവര്‍ പങ്കെടുത്തു.