എറണാകുളം: പറവൂരില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. മസാലദോശയില്‍ തേരട്ടയെ കണ്ടെത്തിയെന്ന പരാതിയിലാണ് നടപടി. പറവൂരിലെ വസന്ത് വിഹാര്‍ എന്ന ഹോട്ടലാണ് നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉള്‍പ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നല്‍കിയിട്ടും ഹോട്ടല്‍ ഉടമ വീഴ്ചകള്‍ തുടര്‍ന്നത് കൊണ്ടാണ് സ്ഥാപനം പൂട്ടിച്ചതെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യ സുരക്ഷാ പരിശീലനം നേടേണ്ടതാണ്. കഴിഞ്ഞദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം 785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ (137) ഹൈജീന്‍ റേറ്റിംഗ് നേടിയത്. ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉടന്‍ പുറത്തിറക്കുന്ന മൊബൈല്‍ ആപ്പിലൂടെയും തൊട്ടടുത്ത് ഹൈജീന്‍ റേറ്റിംഗുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.