തിരുവനന്തപുരം: അയല്‍ക്കൂട്ട സംഗമത്തിലൂടെ ലഭ്യമാകുന്ന ആവേശവും ഊര്‍ജവും തൊഴില്‍ സംരംഭകത്വ ശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘ചുവട് 2023’ സംസ്ഥാനതല അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുത്ത അയല്‍ക്കൂട്ട വനിതകള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പതിനാലാം പഞ്ചവല്‍സര പദ്ധതിയില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിനും അതുമായി ബന്ധപ്പെട്ട് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നത്. നിലവിലുള്ള അയല്‍ക്കൂട്ട അംഗങ്ങളും പുതുതായി രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും കൂടി ചേരുമ്പോള്‍ അമ്പത് ലക്ഷത്തോളം വനിതകള്‍ അണിനിരക്കുന്ന സംവിധാനമെന്ന നിലയ്ക്ക് തൊഴില്‍ സംരംഭകത്വ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം. നൂതന ആശയങ്ങളില്‍ അധിഷ്ഠിതമായ തൊഴില്‍ സംരംഭ മാതൃകകള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാകണം ഇനി അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഉയര്‍ന്നു വരേണ്ടത്.
അടുത്ത ഒരു വര്‍ഷം കൊണ്ട് ഓരോ അയല്‍ക്കൂട്ടത്തിനും ഒരു പുതിയ സംരംഭമെങ്കിലും തുടങ്ങാന്‍ കഴിയണം. അക്കാര്യത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരബുദ്ധി ഉണ്ടാകണം. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരുമാന വര്‍ദ്ധനവിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. സാമൂഹ്യ പ്രസക്തിയുള്ള സംരംഭങ്ങള്‍ എന്ന നിലയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതുതായി മാര്‍ഷ്യല്‍ ആര്‍ട്ട് പരിശീലക ഗ്രൂപ്പുകള്‍ക്കും തുടക്കം കുറിക്കുകയാണ്. ലഹരി, സ്ത്രീധനം എന്നിങ്ങനെയുള്ള സാമൂഹ്യ വിപത്തുക്കള്‍ക്കെതിരേയും പോരാടാന്‍ കുടുംബശ്രീക്ക് കഴിയണം. ദാരിദ്ര്യമുക്ത കേരളമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതില്‍ കുടുംബശ്രീക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് പറഞ്ഞ മന്ത്രി അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുത്ത എല്ലാ വനിതകളെയും അഭിനന്ദിച്ചു.