തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതായാണ് കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി റാസിത്താണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഷാരോണ്‍ കേസിന്റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കുന്നത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമേ വിഷം നല്‍കാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിന് ഗ്രീഷ്മക്കെതിരെ 364ാമത് വകുപ്പും പോലിസ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍കുമാരന്‍ നായര്‍ എന്നിവരെ രണ്ട് മൂന്നും പ്രതികളാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. ആദ്യം പാറശ്ശാല പോലിസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തില്‍ കലര്‍ത്തിയ വിഷം നല്‍കി. ഇതിന് മുമ്പ് ഷാരോണിന്റെ കോളേജില്‍ പോയി മടങ്ങിയ വരുന്ന വഴിയും ജൂസില്‍ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നല്‍കിയിരുന്നു. അന്നും അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നല്‍കാന്‍ തീരുമാനിച്ചത്.
കാര്‍പ്പിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന് ഫൊറന്‍സിക് ഡോക്ടറുടെ മൊഴി നിര്‍ണായകമായി. വിഷം നല്‍കിയ കുപ്പി പ്രതികള്‍ വീടിന് ദൂെരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പില്‍ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.