വധശ്രമക്കേസില്‍ മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

വധശ്രമക്കേസില്‍ മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. വധശ്രമക്കേസിലാണ് ഹൈക്കോടതി ഫൈസലിന്റെ തടവുശിക്ഷ സ്റ്റേ ചെയ്തത്. 10 വര്‍ഷത്തെ ശിക്ഷയാണ് കോടതി സ്‌റ്റേ ചെയ്തത്. ഇതിനാല്‍ ഫൈസല്‍ അടക്കം നാല് പ്രതികളും ജയില്‍ മോചിതരാവാം.
2009ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.

കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തത് മുഹമ്മദ് ഫൈസലിന്റേത് മാത്രമാണ്. രാഷ്ട്രീയത്തില്‍ സംശുദ്ധി സൂക്ഷിക്കേണ്ടത് പ്രധാനമെന്ന് കോടതി പറഞ്ഞു. എന്നാല്‍, മുഹമ്മദ് ഫൈസല്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 27ന് സുപ്രീംകോടതി പരിഗണിക്കും. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ വിധി നിര്‍ണായകമാകും.

Share

Leave a Reply

Your email address will not be published. Required fields are marked *