തലശ്ശേരി: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ലോക ശ്രദ്ധയാകര്‍ഷിക്കാനിറങ്ങുന്നു. സ്‌കൂളിലെ അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് ഗാന്ധിജിയുടെ മുഖം ആലേഖനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഓരോ വിദ്യാര്‍ഥിയും ആര്‍ട്ട് പേപ്പറില്‍ ഗാന്ധിജിയുടെ മുഖം ഒരുമിച്ച് വരക്കും. സ്‌കൂള്‍ മുറ്റത്ത് പ്രത്യേകം തയ്യറാക്കുന്ന വേദിയില്‍ 2500 വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടം ഒരുക്കും. ക്രയോണ്‍സ്, ചാര്‍ക്കോള്‍, സ്‌കെച്ച് പെന്‍സ്, ജലച്ഛായം മുതലായ വിവിധ മീഡിയങ്ങളുപയോഗിച്ച് കുട്ടികളുടെ കഴിവിനും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് ഗാന്ധിജിയുടെ ഛായാചിത്രം വരയ്ക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ചിത്രം വരയ്ക്കാന്‍ പാകത്തില്‍ ആത്മവിശ്വാസം പകര്‍ന്ന് ഒരുക്കിയെടുക്കാനുള്ള പരിശീലനം വിദ്യാലയത്തില്‍ ആരംഭിച്ചു. ചിത്ര ഗ്രാമമെന്ന് പേരുകേട്ട കതിരൂരിലെയും പരിസരങ്ങളിലും 30 ഓളം പ്രമുഖ ചിത്രകാരന്മാരുടെ സേവനമുപയോഗപ്പെടുത്തി ക്ലാസ് മുറികളില്‍ പരിശീലനം തുടങ്ങി. ചിത്രകാരന്മാരായ കെ.എം.ശിവകൃഷ്ണന്‍, പൊന്ന്യം ചന്ദന്‍, എ.രവീന്ദ്രന്‍, പൊന്ന്യം സുനില്‍, പവി കൊയ്യോട്, രാജീവന്‍ പാറയില്‍, സന്തോഷ് ചുണ്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കിവരുന്നു.
ഭാരതത്തെ സഹനത്തിലൂടെ സ്വാതന്ത്ര്യഗീതം കേള്‍പ്പിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹ്യ നന്മ ഉറപ്പിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് പുതുതലമുറയിലെത്തിക്കുകയെന്ന ദൗത്യമാണ് കതിരൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നത്. ബാലഭാവനകളിലെ ഗാന്ധിമുഖം വരകളായും നിറം ചേര്‍ത്തും, ഒരേ സമയം വരഞ്ഞ് വിദ്യാര്‍ഥികള്‍ അഹിംസയുടയേും ക്ഷമയുടയേും സന്ദേശവാഹകനായ ഗാന്ധിജിയെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇതിനോടനുബന്ധിച്ച് 2500 വിദ്യാര്‍ഥികള്‍ ലഹരിക്കെതിരേ പ്രതിജ്ഞയെടുക്കും. യുവതലമുറ പലവിധ ലഹരികളിലേക്കാകര്‍ഷിക്കപ്പെടുന്ന കാലത്ത് അതിനെതിരേ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധം തീര്‍ക്കുകയെന്ന മഹത്തായ ലക്ഷ്യവുമുണ്ട്. കെ.വി പവിത്രന്‍, ശ്രീജേഷ് പടന്നക്കണ്ടി, എസ്.അനിത, ചന്ദ്രന്‍ കക്കോത്ത് പ്രകാശന്‍ കര്‍ത്ത, സുശാന്ത് കൊല്ലറക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.