തിരുവനന്തപുരം: കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ വഴികളില്‍ പുതിയൊരു ചരിത്രം കുറിച്ചു കൊണ്ട് ജനുവരി 26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ‘ചുവട്-2023’ അയല്‍ക്കൂട്ട സംഗമം അരങ്ങേറും. രാജ്യത്തു തന്നെ ഇതാദ്യമായാണ് 46 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കുന്ന മഹാ സംഗമം സംഘടിപ്പിക്കുന്നത്. മെയ് 17ന് നടക്കുന്ന കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണിത്. അയല്‍ക്കൂട്ട വനിതകള്‍ക്കൊപ്പം കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ എന്നിവരും സംഗമത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരും അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാവിലെ എട്ടു മണിക്ക് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ പതാക ഉയരുന്നതോടെ അയല്‍ക്കൂട്ട സംഗമ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അതിനുശേഷം അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നല്‍കുന്ന അയല്‍ക്കൂട്ട സംഗമ സന്ദേശം കാണും. 25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എ.ഡി.എസി (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി)ന് കൈമാറും.
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ യൂട്യൂബ് ചാനല്‍ അംഗങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും 26ന് അയല്‍ക്കൂട്ടങ്ങളില്‍ തുടക്കം കുറിക്കും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയല്‍ക്കൂട്ടതലത്തില്‍ വലിയ തോതിലുള്ള വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടുകൊണ്ട് 46 ലക്ഷം വനിതകളെയും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് അഞ്ച് ലക്ഷം വനിതകളെങ്കിലും സബ്‌സ്‌ക്രൈബ് ചെയ്യും.
മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍മാര്‍, കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍, സിനിമാ താരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ അയല്‍ക്കൂട്ട സംഗമത്തിന് സോഷ്യല്‍ മീഡിയ വഴി പിന്തുണയും ആശംസയും അറിയിച്ചിട്ടുണ്ട്. സംഗമത്തിന് മുന്നോടിയായി നാടിനെങ്ങും ഉത്സവാന്തരീക്ഷം പകര്‍ന്നുകൊണ്ട് ഫ്‌ളാഷ് മോബ്, ബാന്‍ഡ് മേളം, ശിങ്കാരി മേളം, മെഗാ തിരുവാതിര, സ്‌കൂട്ടര്‍ റാലി, വിളംബര ഘോഷയാത്ര, മെഴുകുതിരി ജാഥ, ചുവരെഴുത്ത്, സിഗ്‌നേച്ചര്‍ ക്യാമ്പെയ്ന്‍ എന്നിങ്ങനെ വിവിധ പരിപാടികളും കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. അയല്‍ക്കൂട്ട സംഗമ പരിപാടികള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.