കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉല്‍പ്പന്നമാണ് അനില്‍ ആന്റണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ ഉള്ളവരെ ബി.ജെ.പിയില്‍ എത്തിക്കുന്ന മാനസികാവസ്ഥയിലുള്ള സുധാകരന്റെ പാര്‍ട്ടിയില്‍പ്പെട്ടയാളാണ് അനില്‍ ആന്റണി. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാന്‍ പാടില്ല എന്നത് സ്വേച്ഛാധിപത്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാണാന്‍ പറ്റില്ല, കേള്‍ക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് ഇന്ത്യയില്‍ നടക്കില്ല. ഇവിടെ ജനാധിപത്യമാണ്. ലോകം മുഴുവന്‍ ഡോക്യുമെന്ററി കാണണമെന്നതാണ് സി.പി.എമ്മിന്റെ അഭിപ്രായമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ അനില്‍ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്സില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. തുടര്‍ന്ന് അനില്‍ ആന്റണി പാര്‍ട്ടി പദവികളെല്ലാം ഒഴിഞ്ഞു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, സാമൂഹ്യമാധ്യമങ്ങളുടെയും ഡിജിറ്റല്‍ മീഡിയയുടെയും ദേശീയ കോ ഓര്‍ഡിനേറ്റര്‍ പദവി എന്നിവയാണ് ഒഴിഞ്ഞത്. ബി.ബി.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്ത് ഒന്‍പത് മണിക്കൂറിനുള്ളിലാണ് ട്വിറ്ററിലൂടെ തന്നെ രാജിപ്രഖ്യാപനവും പുറംലോകത്തെ അറിയിച്ചത്.
രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനമാണ് അനില്‍ ആന്റണി ഉന്നയിച്ചത്. കെ.പി.സി.സിക്കും ശശി തരൂരിനും നന്ദി പറഞ്ഞു ആരംഭിക്കു ന്ന രാജിക്കത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്ന ആക്രമണങ്ങളെയും വിമര്‍ശിച്ചു. സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അനില്‍ കെ. ആന്റണി പറഞ്ഞു.