കോഴിക്കോട്: കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്‍ഡ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 29ന് ഞായര്‍ രാവിലെ ഒമ്പത് മണിക്ക് കുണ്ടത്തില്‍ ഉണ്ണിമോയിന്‍ ഹാജി നഗറില്‍ (കുന്ദമംഗലം, പത്താംമൈല്‍ പന്തീര്‍പ്പാടം സെഞ്ച്വറി ഹാള്‍) നടക്കുമെന്ന് ജില്ലാപ്രസിഡന്റ് സെയ്തുട്ടി ഹാജി ഒളവണ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ വിശിഷ്ടാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് എന്‍.കെ ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് ശ്രാലാല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രൈസ് ചാര്‍ട്ട് പ്രകാശനം സംസ്ഥാന ട്രഷറര്‍ ജെ.ബി.എം അന്‍സാര്‍ നിര്‍വഹിക്കും. പി.അബ്ദുല്‍ നാസറി (എം.കെ ഫ്‌ളോര്‍ മില്‍, മലയമ്മ, ഊര്‍ജ സുരക്ഷാ പുരസ്‌കാര ജേതാവ്)നെ ആദരിക്കും. തുടര്‍ന്ന് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംസാരിക്കും. ഇശല്‍ വിരുന്നോടെ പരിപാടി സമാപിക്കും.
സംസ്ഥാനത്ത് അമ്പതിനായിരത്തോളം മില്ലുകളാണുള്ളത്. കോഴിക്കോട് ജില്ലായില്‍ 2100ഓളം മില്ലുകളാണ് പ്രവര്‍ത്തിക്കുന്നത്. പീഡിത വ്യവസായമെന്ന നിലയില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഈ മേഖലക്കും ലഭ്യമാക്കണം. മില്ലുകള്‍ തമ്മിലുള്ള ദൂരപരിധി ഒരു കിലോമീറ്ററാക്കി മാറ്റണം. ഇലക്ട്രിസിറ്റി ചാര്‍ജും കുറയ്ക്കണം. 20 എച്ച് വരെയുള്ളവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണം. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിബന്ധനകളും ബില്‍ഡിങ് ടാക്‌സിന്റെ വര്‍ധനവും ഈ മേഖലക്ക് പ്രതികൂലമാവുകയാണ്. ലൈസന്‍സിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കണം. വ്യക്തികള്‍ ലോണെടുത്തും ആഭരണങ്ങള്‍ വിറ്റും മറ്റുപ്രയാസം സഹിച്ചാണ് ഇത്തരം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതെന്നും ആയിരക്കണക്കിന് പേര്‍ ജോലിയെടുക്കുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുന്ന ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി പി.മൊയ്തീന്‍ ഹാജി പൂനൂര്‍, എം.പ്രദീപ് കുമാര്‍ ബേപ്പൂര്‍, എന്‍.കെ ഹരീന്ദ്രനാഥ്, ഹമീദ് തിക്കുറിശ്ശി എന്നിവരും പങ്കെടുത്തു.