തിരുവനന്തപുരം: രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നതാണ് ബി.ബി.സിയുടെ വിവാദമായ ഡോക്യുമെന്ററിയെന്ന അനില്‍ ആന്റണിയുടെ പരാമര്‍ശത്തെ തള്ളി ശശി തരൂര്‍ എം.പി. ബി.ബി.സിയുടെ ഡോക്യുമെന്ററി കൊണ്ട് തകര്‍ക്കാവുന്നതല്ല ഇന്ത്യയുടെ പരമാധികരം. ഇത്തരം സമീപനങ്ങള്‍ അപക്വമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ഈ ഡോക്യുമെന്ററി കാണിക്കാന്‍ പാടില്ലന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. ബി.ബി.സി ഡോക്യുമെന്ററിയെപ്പറ്റി അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് കാണിക്കുന്നത് കൊണ്ട് ഇന്ത്യയില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ലന്നും പ്രദര്‍ശനം കോണ്‍ഗ്രസ് ഏറ്റെടുത്തത് ഈ സെന്‍സര്‍ഷിപ്പിന് എതിരെയാണെന്നും ശശി തരൂര്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്യമുണ്ട്. അതിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ല. ജനങ്ങള്‍ കണ്ട് വിലയിരുത്തട്ടെ. എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററി 2002 ല്‍ നമ്മുടെ രാജ്യത്ത് സംഭവിച്ച കാര്യത്തിലുള്ളതാണ്. ആ കാലത്ത് ബ്രീട്ടീഷ് ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പോയി അന്വേഷണം നടത്തി. അവരുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ ബി.ബി.സിക്ക് കിട്ടി. അവരത് ഡോക്യുമെന്ററിയാക്കി, ഇതില്‍ വലിയൊരു അതിശയം തോന്നേണ്ട കാര്യമില്ല. ബി.ബി.സി ഡോക്യുമെന്ററി കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ആ സ്വാതന്ത്രം എല്ലാവര്‍ക്കും കൊടുക്കണമെന്നും തരൂര്‍ പറഞ്ഞു.