എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം 28,29 തിയതികളില്‍

എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം 28,29 തിയതികളില്‍

കോഴിക്കോട്: 50 വര്‍ഷം പൂര്‍ത്തിയാകുന്ന എസ്.എസ്.എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 28, 29 തിയതികളില്‍ സ്വപ്‌ന നഗരിയില്‍ നടക്കും. മതം, രാഷ്ട്രീയം , വിദ്യാഭ്യാസം, സാമൂഹികം , സാംസ്‌കാരികം സംഘടന എന്നീ ആറ് മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ , പ്രഭാഷണങ്ങള്‍ , സംവാദങ്ങള്‍ എന്നിവയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രധാനമായും ഉണ്ടാകുക.

17 സെഷനുകളിലായി 50 പ്രമുഖര്‍ സംബന്ധിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാര്‍ഥികള്‍ പ്രതിനിധികളായി സംബന്ധിക്കും. ശനിയാഴ്ച രാവിലെ 8.30ന് സ്വാഗത സംഘം ചെയര്‍മാന്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. ഒന്‍പത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ കീനോട്ട് അവതരിപ്പിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ , സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ടി.കെ അബ്ദുര്‍റഹ്‌മാന്‍ ബാഖവി സംബന്ധിക്കും.

അല്‍ ഇസ്‌ലാം മനുഷ്യനെ കാണുന്ന ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന പഠനത്തോടെ വിവിധ സെഷനുകള്‍ക്ക് തുടക്കമാകും. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ , സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി.മുഹമ്മദ് ഫൈസി , അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല , ബഷീര്‍ ഫൈസി വെണ്ണക്കോട് ആദ്യ സെഷനിലെ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മനുഷ്യന്റെ മതം, രാജ്യത്തിന്റെ മതേതരത്വം എന്ന വിഷയത്തില്‍ രണ്ടാമത്തെ സെഷനില്‍ സംവാദം നടക്കും. മാധ്യമ പ്രവര്‍ത്തകരായ കെ. ജെ ജേക്കബ് , ദാമോദര്‍ പ്രസാദ് , മുഹമ്മദലി കിനാലൂര്‍ സംബന്ധിക്കും.

മൂന്നാമത് സെഷനില്‍ ശരികളുടെ സൗന്ദര്യം എന്ന വിഷയത്തില്‍ സംവാദം നടക്കും. മാധ്യമ പ്രവര്‍ത്തകരായ രാജീവ് ശങ്കരന്‍ , കെ.സി സുബിന്‍ , എസ്.ശറഫുദ്ദീന്‍ പങ്കെടുക്കും. ചിന്തയുടെ ചിറകുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന നാലാമത് സെഷനില്‍ അബ്ദുള്ള വടകര പ്രഭാഷണം നടത്തും. ആശയങ്ങള്‍ ജയിച്ച കാലങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന അഞ്ചാമത് സെഷനില്‍ വണ്ടൂര്‍ അബ്ദുര്‍ റഹ്‌മാന്‍ ഫൈസി , എന്‍. അലി അബ്ദുള്ള , മജീദ് കക്കാട് , സുലൈമാന്‍ സഖാഫി മാളിയേക്കല്‍ , കലാം മാവൂര്‍ സംസാരിക്കും. ആത്മ ഗീതങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ആറാമത്തെ സെഷനില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്‌മാന്‍ സഖാഫി , എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി , എന്‍.എം സ്വാദിഖ് സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി 10.30ന് നടക്കുന്ന സമരത്തെരുവിലെ സംഘഗാനങ്ങള്‍ ആവിഷ്‌കാര പരിപാടിയോടെ ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിക്കും.

രണ്ടാം ദിവസം രാവിലെ ആറ് മണിക്ക് അര്‍ റസൂല്‍ മധുരമുള്ള ചിത്രങ്ങള്‍ എന്ന വിഷയത്തില്‍ എസ്.എസ്. എഫ് ദേശീയ പ്രസിഡന്റ് ഡോ.പി.എ മുഹമ്മദ് ഫാറൂഖ് നഈമി നടത്തുന്ന പ്രഭാഷണത്തോടെ ആരംഭിക്കും. ഏഴ് മണിക്ക് ജനങ്ങള്‍, രാഷ്ട്രം, വിചാര വിനിമയങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. എം.അബ്ദുല്‍ മജീദ്, ടി.എ അലി അക്ബര്‍, സി.ആര്‍.കെ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കും. ഒമ്പത് മണിക്ക് വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ പുനരാലോചിക്കുന്നു എന്ന വിഷയത്തില്‍ അക്കാദമിക് ടോക് നടക്കും. കേരള കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഡോ. അമൃത് ജി.കുമാര്‍ , എം.മുഹമ്മദ് സ്വാദിഖ് സംസാരിക്കും. 10.30ന് ഇന്ത്യന്‍ പൊളിറ്റിക്‌സ് ഭരണഘടനയാണ് ശരി എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ടി ശ്രീകുമാര്‍ , മുസ്തഫ പി.എറായ്ക്കല്‍ സംസാരിക്കും. ഉച്ചക്ക് 12 മണിക്ക് വെളിച്ചത്തിന്റെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ റഹ്‌മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും.

12.30 ന് നവോത്ഥാനത്തിന്റെ നേരുകള്‍ എന്ന വിഷയത്തില്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ പി.ജാബിര്‍ , കെ.ബി ബഷീര്‍ സംസാരിക്കും. 1.30 ന് തുടര്‍ച്ചയുള്ള സമരങ്ങള്‍ എന്ന വിഷയത്തില്‍ സി.കെ റാശിദ് ബുഖാരി പ്രഭാഷണം നിര്‍വ്വഹിക്കും. 2.30 ന് സമാപന സംഗമം നടക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം , കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ , വി.പി.എം ഫൈസി വില്യാപ്പിള്ളി , ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യാര്‍ഥി റാലിയില്‍ ആയിര കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരക്കും. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി 26ന് സംസ്ഥാന കൗണ്‍സില്‍ നടക്കും. അതില്‍വച്ച് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *