ഉത്സവക്കൊടിയുയര്‍ന്നു: മയ്യഴിക്കിനി മഹോത്സവ രാവുകള്‍

ഉത്സവക്കൊടിയുയര്‍ന്നു: മയ്യഴിക്കിനി മഹോത്സവ രാവുകള്‍

മാഹി: ആത്മീയാനുഭൂതിയുടെ വിശുദ്ധിയും മകരമാസ കുളിരും വാദ്യഘോഷങ്ങളുടെ താളലയങ്ങളും സമന്വയിച്ച ഇന്നലെയുടെ രാവില്‍ 8.20ന് ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലത്തില്‍ ലക്ഷ്മണന്‍ നമ്പൂതിരി ഉത്സവക്കൊടിയുയര്‍ത്തിയപ്പോള്‍ പത്ത് നാള്‍ നീണ്ട മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് പ്രൗഢമായ തുടക്കമായി. ആലക്തിക ദീപങ്ങളാലലംകൃതമായ ക്ഷേത്രത്തിന് ചുറ്റിലും നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുകളുമായി കൈകൂപ്പി നില്‍ക്കവെ, ഉത്സവക്കൊടി ഉയരുമ്പോള്‍ കാതടപ്പിക്കുന്ന കദിന വെടികളും, ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറിയ പൂവെടികളും ഒരു നാടിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും, പഞ്ചവാദ്യസംഘവും ഉത്സവപ്പെരുമ വിളംബരം ചെയ്തു. തുടര്‍ന്ന് നടന്ന കലവറ നിറയ്ക്കലില്‍ നൂറുകണക്കിനാളുകള്‍ പൂജാ സാധനങ്ങളും അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും കാണിക്കവച്ചു.

മണ്ടോള, പുത്തലം ക്ഷേത്രങ്ങളില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്രയും ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. മേല്‍ശാന്തി പോനേരി ഇല്ലം ശശികുമാര്‍ നമ്പൂതിരി ,ക്ഷേത്രം പ്രസിഡന്റ് പി.പി വിനോദ് , കമ്മിറ്റി ഭാരവാഹികളായ പി.വേണുഗോപാല്‍, കെ.എം.ബാലന്‍, കെ.എം പവിത്രന്‍, അഡ്വ.പി.പി രാധാകൃഷ്ണന്‍ , പൂഴിയില്‍ വിനോദന്‍, വി.സി രതീശന്‍, പൗരപ്രമുഖരായ ഡോ. പി. രവീന്ദ്രന്‍, പി.മോഹനന്‍ എന്നിവരും നേതൃത്വം നല്‍കി. ഇന്ന് രാവിലെ 6.15ന് കളഭം വരവ്, 10 മണിക്ക് ഗോക്കള്‍ക്ക് വൈക്കോല്‍ദാനം, ഉച്ചക്ക് 12 മണിക്ക് ഭക്തിഗാനസുധ, സമൂഹസദ്യ, വൈകീട്ട് ആറ് മണിക്ക് തായമ്പക, എട്ട് മണിക്ക് നിവേദ്യം വരവ്, രാത്രി 9.30 ന് വടകര വരദയുടെ ‘മക്കള്‍ക്ക് ‘നാടകം തുടങ്ങിയവ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *