കോഴിക്കോട്: സമകാലീന ഭാരതത്തിന്റെ സാംസ്‌കാരികാവസ്ഥയുടെ തുടിപ്പുകള്‍ ഒപ്പിയെടുക്കുന്ന 25 ഭാഷകളിലെ കവിതകളുടെ വിവര്‍ത്തനം അവതരിപ്പിച്ചുകൊണ്ട് ഭാഷാസമന്വയ വേദിയും പഞ്ചാബ് നാഷണല്‍ ബാങ്കും ചേര്‍ന്ന് റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവം കവിതാ പ്രേമികള്‍ക്ക് വേറിട്ടൊരു അനുഭവമായി. അരുണാചല്‍ പ്രദേശിലെ നിഷി ഗോത്ര ഭാഷയിലെ ‘കാടും മനുഷ്യരും’ എന്ന കവിത അവതരിപ്പിച്ചുകൊണ്ട് ഡോ. ജമുനാബീനി കാവ്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വലിയവര്‍ ചെറിയവരുടെ നേര്‍ത്ത ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കുന്ന സാംസ്‌കാരികാന്തരീക്ഷമാണ് ഇന്ന് സൃഷ്ടിക്കേണ്ടതെന്നും വിവര്‍ത്തനം അതിനുള്ള പാതയൊരുക്കുമെന്നും കേരളത്തിന്റെ മഹനീയ മാതൃക മറ്റു ഭാഷകള്‍ക്കും സ്വീകാര്യമാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭാഷാ വൈവിധ്യത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് തേജസും ഓജസ്സും പകരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.സച്ചിന്‍ പി.ജയിംസ് അധ്യക്ഷത വഹിച്ചു. ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ.ആര്‍സു ആമുഖ പ്രഭാഷണം നടത്തി. ഭാഷകള്‍ പലതാകുമ്പോഴും അനുഭൂതിതലത്തില്‍ ഭാരതീയ കവിതകള്‍ വലിയ സാമ്യം പുലര്‍ത്തുന്നുണ്ടെന്നും കവികള്‍ ഒരേ തൂവല്‍ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജമുനാബീനി രചിച്ച അരുണാചലി ചെറുകഥകള്‍ ഭാഷാ സമന്വയ വേദി അംഗങ്ങള്‍ വിവര്‍ത്തനം ചെയ്തത് ചടങ്ങില്‍ പുറത്തിറക്കി. കവി പ്രഭാവര്‍മ്മ, ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അഹമ്മദിന് ആദ്യ പ്രതി നല്‍കികൊണ്ടായിരുന്നു പ്രകാശനം.
അതിഥികള്‍ക്ക് ഡോ.പി കെ രാധാമണിയും വിവര്‍ത്തകര്‍ക്ക് ഡോ.ജമുനാബീനിയും ഉപഹാരങ്ങള്‍ നല്‍കി.
ചെറിയ വ്യവഹാര മണ്ഡലമുള്ള ഡോഗ്രി, കൊങ്കണി, രാജസ്ഥാനി, മൈഥിലി, മണിപ്പുരി, സിന്ധി, സന്താലി ഭാഷകളിലെ കവിതകള്‍ക്കും കാവ്യോത്സവത്തില്‍ സ്ഥാനം ലഭിച്ചു. പ്രഭാവര്‍മ്മയും പി.പി ശ്രീധരനുണ്ണിയും മലയാള കവിതകള്‍ അവതരിപ്പിച്ചു. ഡോ.ഒ.വാസവന്‍, കെ.ജി രഘുനാഥ്, ഡോ. എം.കെ പ്രീത, ഡോ.സി. സേതുമാധവന്‍, ഡോ.ആശിവാണി, കെ.വരദേശ്വരി, ഡോ.യു.എം രശ്മി, ഡോ. എന്‍.കെ ശശീന്ദ്രന്‍, സഫിയ നരിമുക്കില്‍, ഡോ എന്‍ ശശീന്ദ്രന്‍, ഡോ കെ അജിതകുമാരി, കെ സി ഷണ്മുഖന്‍, ടി കെ ജ്യോത്സ്‌ന, ലത സതീഷ്, എന്‍ .പ്രസന്നകുമാരി, ഡോ.ജെ രമാഭായി, കെ.സി ഷണ്‍മുഖന്‍, ഡോ സി.ശ്രീകുമാര്‍, ഡോ.കെ. എസ് വെങ്കിടാചലം, രമ ചെപ്പ് എന്നിവര്‍ വിവര്‍ത്തിത കവിതകള്‍ അവതരിപ്പിച്ചു. പശ്ചാത്യ എഴുത്തുകാരേയും ലാറ്റിനമേരിക്കന്‍ എഴുത്തുകാരേയും നമുക്ക് അറിയാമെങ്കിലും അയല്‍പക്കത്തെ എഴുത്തുകാര്‍ അപരിചിതരായി നില്‍ക്കുന്ന ദുരവസ്ഥ അവസാനിക്കാന്‍ വിവര്‍ത്തനമാണ് അവലംബമെന്നും, വിവര്‍ത്തനം രണ്ടാംകിട സാഹിത്യമെന്ന ധാരണ തിരുത്തണമെന്നും ഡോ.പ്രഭാവര്‍മ്മ അഭിപ്രായപ്പെട്ടു. ഡോ. റോബര്‍ട്ട് വി.എസ് സ്വാഗതവും ഷിംന നന്ദിയും പറഞ്ഞു.