തലശേരി: സാഹിത്യകാരനും റെയില്‍വെ സ്റ്റേഷന്‍ റിട്ട. ഡെപ്യൂട്ടി സുപ്രണ്ടുമായ കെ.പൊന്ന്യം (കെ.കെ കരുണാകരന്‍ (96 ) നിര്യാതനായി. പൊന്ന്യത്തെ പുതിയമഠത്തില്‍ വീട്ടില്‍ വച്ചായിരുന്ന അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റെയില്‍വേ കഥകളിലൂടെ മലയാളസാഹിത്യത്തില്‍ അടയാളപ്പെടുത്തിയ ‘സൗപര്‍ണിക’യുടെ കഥാകാരനാണ് കെ.പൊന്ന്യം. കഥ, കവിത, നോവല്‍, നോവലെറ്റ്, വിവര്‍ത്തനം, ലേഖനങ്ങള്‍ തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ചു.
പതിനെട്ടാം വയസിലാണ് ആദ്യം കവിത എഴുതിയത്. ചീന്തിയെടുത്ത ഏടുകള്‍, സൗപര്‍ണിക, പുറത്താക്കപ്പെടുന്നവര്‍, ഇല്ല സാര്‍ എനിക്കൊരാവലാതിയും ഇല്ല, അവിശ്വാസി, റീത്ത്, ഒരു മനുഷ്യനും ഒടുങ്ങാത്ത കൊടുങ്കാറ്റും (കഥാസമാഹാരം), അപകടങ്ങള്‍ (നോവല്‍), പാളങ്ങള്‍ (നോവലെറ്റ്), ആരോ അടുത്തടുത്തുണ്ട്, രണ്ട് വരി രണ്ട് ശബ്ദം (കവിതാ സമാഹാരങ്ങള്‍), മറോക്ക (വിവര്‍ത്തനം) എന്നിവയാണ് പ്രധാന കൃതികള്‍. 1950 ഡിസംബര്‍ 15ന് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു. പാലക്കാട് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍ ജോലിചെയ്തു. 1985ല്‍ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഡെപ്യൂട്ടി സ്റ്റേഷന്‍ സൂപ്രണ്ടായി വിരമിച്ചു. സാഹിത്യകാരന്‍ വൈശാഖന്‍ സഹപ്രവര്‍ത്തകനാണ്. കതിരൂര്‍ ഹൈസ്‌കൂളിലെ മലയാളം അധ്യാപകനും കവിയുമായ വി.വി.കെയുടെ ശിഷ്യനാണ്. ഭാര്യ: പി രോഹിണി (റിട്ട. പ്രധാനധ്യാപിക, പൊന്ന്യം സൗത്ത് എല്‍.പി സ്‌കൂള്‍). മക്കള്‍: പി പ്രീത (റിട്ട. അധ്യാപിക, കൊടക്കളം യു.പി സ്‌കൂള്‍), അനൂപ്കുമാര്‍ (യൂണിയന്‍ ബാങ്ക്, തലശ്ശേരി ശാഖ), ജ്യോതി (അധ്യാപിക, മമ്പറം ഇന്ദിരഗാന്ധി സ്‌കൂള്‍). മരുമക്കള്‍: കെ.കെ ബാലകൃഷ്ണന്‍ (റിട്ട. ജലവിഭവ വകുപ്പ്, കണ്ണൂര്‍), രശ്മി, മുരളീധരന്‍ (റിട്ട. സോണല്‍ മാനേജര്‍, കിന്‍ഫ്ര). സഹോദരന്‍: കെ.കെ രാഘവന്‍ നമ്പ്യാര്‍.