തിരുവനന്തപുരം: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയായ ‘ ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍’ സംസ്ഥാനത്തുടനീളം വ്യാപക പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി യുവജനസംഘടനകള്‍. യൂത്ത് കോണ്‍ഗ്രസ്സും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രര്‍ശിപ്പിക്കുമെന്ന് അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിലക്കിനെ മറികടന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരേ പരാതി നല്‍കിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നവാശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് കെ. സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയ്ക്കും വിള്ളല്‍ വീഴ്ത്തുന്നതിനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ട്‌നില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. സംഘര്‍ഷമുണ്ടാക്കാന്‍ ഡി.വൈ.എഫ്.ഐ ആഗ്രഹിക്കുന്നില്ല. ഡോക്യുമെന്ററിയില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലങ്ങോളമിങ്ങോളമായി വിവിധയിടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് എസ്.എഫ്.ഐയുടേയും പ്രഖ്യാപനം.
ബി.ബി.സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.
ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘപരിവാറിനും മോദിയുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റുകൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ചുപിടിക്കാവുന്നതല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്‌ലിം വിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.