മാഹി: സമാനതകളില്ലാത്ത , വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മാഹി ശ്രീകൃഷ്ണ ക്ഷേത്രസന്നിധി. ആര്യ- ദ്രാവിഡ സംസ്കൃതിയുടെ സങ്കലന കേന്ദ്രമാണിത്. ഗുരുവായൂരിന്റേയും, മഥുരയുടെയും ക്ഷേത്രസങ്കല്പ്പങ്ങളുടെ സമന്വയ ഭൂമികയുമാണ്. പുരാണേതിഹാസങ്ങളിലെ അസംഖ്യം കഥാപാത്രങ്ങളേയും, സംഭവബഹുലമായ മുഹൂര്‍ത്തങ്ങളേയും പേറുന്ന കൂറ്റന്‍ ക്ഷേത്രഗോപുരത്തിലെ കൊത്തുപണികളത്രയും ദ്രാവിഡ കലകളുടെ പരിഛേദമാണ്. ശ്രീകോവിലാകട്ടെ മഥുരാപുരിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തെ ഓര്‍മ്മപ്പെടുത്തുന്നു. നാനാത്വത്തില്‍ ഏകത്വം ഇവിടെ നമുക്ക് ദര്‍ശിക്കാനാവും.
മനുഷ്യനും ദൈവത്തിനുമിടയില്‍ ഇവിടെ അതിര്‍വരമ്പുകളില്ല. അനീതിക്കെതിരേ ധര്‍മ്മയുദ്ധം നയിച്ച ശ്രീകൃഷ്ണ ഭഗവാന് അഭിമുഖമായി ,ഇരുവശങ്ങളിലുമായി ജാതി- മതങ്ങള്‍ക്കുമപ്പുറം മനുഷ്യനെ പ്രതിഷ്ഠിച്ച ശ്രീനാരായണ ഗുരുവിന്റേയും, അഹിംസയിലുടേയും സത്യത്തിലൂടേയും ലോകം കീഴടക്കിയ മഹാത്മാഗാന്ധിയുടേയും പൂര്‍ണ്ണമായ പ്രതിമകള്‍ കാണാം. ഇത് മറ്റെങ്ങുമില്ലാത്ത ഒരപൂര്വ്വതയത്രെ.! വടക്കെ മലബാറുകാര്‍ കൊച്ചു ഗുരുവായൂര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ ക്ഷേത്രത്തില്‍, ഗന്ധര്‍വ്വ ഗായകന് കെ.ജെ യേശുദാസ് ശ്രീകൃഷ്ണപാദങ്ങളില്‍ തന്റെ ആത്മനൊമ്പരങ്ങള്‍ കണ്ണീര്‍ക്കണങ്ങളായി സമര്‍പ്പിക്കുന്നത് മയ്യഴിക്കാര്‍ ആത്മാഭിമാനത്തോടെയാണ് കണ്ടു നിന്നത്. കലകളുടെ കേദാരമായ ഈ ക്ഷേത്രത്തിനോട് ചേര്‍ന്ന് വിദ്യാലയവും, എസ്.കെ.ബി.എസ് കലാസമിതിയും പ്രവര്‍ത്തിക്കുന്നു. മനുഷ്യമനസ്സിനെ ആന്തരികമായും ഭൗതികമായും സംസ്ക്കരിച്ചെടുക്കാന്‍ ഈ ദേവാങ്കണത്തിനാവുന്നു.
ഉത്സവ വേളകളൊക്കെ, തിളക്കമാര്‍ന്ന കലാപ്രകടനങ്ങളുടെ വസന്തകാലം കൂടിയാണ്. ഉത്സവനാളുകളിലൊക്കെയും ആയിരക്കണക്കായ ആബാലവൃദ്ധം ജനങ്ങള്‍ ഒരുമിച്ചിരുന്ന് പന്തിഭോജനം നടത്തുന്നത് നിര്‍വൃതിദായകമായ കാഴ്ചയാണ് .പ്രമുഖ സാതന്ത്ര്യ സമര സേനാനിയും. മയ്യഴിമഹാജനസഭയുടെ ‘നേതാവും. മുന്‍ മയ്യഴി എം.എല്‍.എയും തികഞ്ഞ മതേതരവാദിയുമായിരുന്ന പി.കെ രാമന് സ്ഥാപിച്ചതാണ് മാഹി ചൂടിക്കൊട്ടയിലുള്ള ഈ ക്ഷേത്രം. ചതയാഘോഷത്തിന്റെ ഭാഗമായി. എല്ലാ വര്‍ഷവും അവിട്ടം നാളില്‍ സന്ധ്യക്ക് ദീപം തെളിയിച്ചും, ഗുരുജയന്തി നാളില്‍ രാവിലെ പ്രത്യേകപൂജയും. പായസ ദാനവും നടത്താറുണ്ട്. ‘ഗുരു’ദേവസന്ദേശം പോലെത്തന്നെ നാനാജാതി മതസ്ഥര്‍ക്കും പ്രവേശനമുള്ള ഒരു മാതൃകാ ക്ഷേത്രമാണിത്.
മാഹി സെന്റ് തേരേസ പള്ളി പെരുന്നാളിന്റെ ഭാഗമായി സെന്റ് തെരേസാ പുണ്യവതിയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ക്ഷേത്രത്തിന്റെ മുന്നിലൂടെ കടന്നു പോകുമ്പോള്‍, ക്ഷേത്രമേല്‍ശാന്തിയും ക്ഷേത്ര ഭാരവാഹികളും വിശ്വാസികളെ ആദരവോടെ വരവേറ്റ് എത്ര വൈകിയാലും ചായ സല്‍ക്കാരവും നല്‍കിയാണ് യാത്രയാക്കാറുളളത്. ഗുരുദേവന്റെ പ്രതിമ ക്ഷേത്രസന്നിധിയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തത് ക്ഷേത്ര സ്ഥാപകന്‍ പി.കെ.രാമന് തന്നെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഗുരുദേവ ശിഷ്യന് നടരാജഗുരുവാണ് അനാച്ഛാദനം ചെയ്തത്. പി.കെ.യുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ സ്മാരകമായി പിന്തലമുറക്കാര് ആരംഭിച്ച പി.കെ.രാമന് മെമ്മോറിയല്‍ സ്കൂളിനും പ്രത്യേകതകളുണ്ടായിരുന്നു ക്ഷേത്രസന്നിധിതിയില്ത്തന്നെയായിരുന്നു സ്കൂള്‍. നാനാജാതി മതസ്ഥര്‍ പഠിക്കുന്ന സ്കൂളിലേക്കും ക്ഷേത്രസന്നിധിലേക്കും ഒരേ കവാടമായിരുന്നു. ഈ പ്രൈമറി വിദ്യാലയം ഇന്ന് ഹൈസ്കൂളായി ഉയര്‍ന്ന് നൂറ് മേനി വിജയം കൊയ്യുന്ന മയ്യഴിയുടെ അഭിമാനമായ സരസ്വതീക്ഷേത്രമായി തൊട്ടു പിന്നില്‍ പുതിയ കെട്ടിടത്തില്‍ തലയുയര്‍ത്തി നില്ക്കുന്നു.